വരള്‍ച്ച: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വീണ്ടും സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

By gopala krishananFirst Published Apr 12, 2016, 12:46 PM IST
Highlights

ദില്ലി: വരള്‍ച്ച തടയാനുള്ള നടപടികളെടുക്കാത്തതിന് കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ക്ക് വീണ്ടും സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. ഒരു സംസ്ഥാനത്തെ വരള്‍ച്ചാ ബാധിതമെന്ന് പ്രഖ്യാപിയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാരിന് എന്താണ് തടസമെന്ന് സുപ്രീംകോടതി ചോദിച്ചു. വരള്‍ച്ച തമാശയാണെന്നാണോ കരുതുന്നതെന്ന് ഹരിയാന സര്‍ക്കാരിനോട് സുപ്രീംകോടതി ചോദിച്ചു.

രാജ്യത്തെ 12 സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ മുന്‍ ആം ആദ്മി പാര്‍ട്ടി നേതാവ് യോഗേന്ദ്ര യാദവിന്റെ നേതൃത്വത്തിലുള്ള സ്വരാജ് അഭിയാന്‍ നല്‍കിയ ഹര്‍ജിയിലാണ് വീണ്ടും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി രംഗത്തെത്തിയത്. സംസ്ഥാനങ്ങള്‍ വരള്‍ച്ചാബാധിതമാണെന്ന് പ്രഖ്യാപിയ്‌ക്കേണ്ടത് അതാത് സംസ്ഥാനസര്‍ക്കാരുകളാണെന്ന്കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞു.

അതാത് സംസ്ഥാനങ്ങള്‍ക്ക് വേണ്ട ഫണ്ടുകള്‍ നല്‍കുക, ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിയ്‌ക്കുക എന്നിവയാണ് കേന്ദ്രസര്‍ക്കാരിന്റെ കര്‍ത്തവ്യം. യുക്തമെന്ന് തോന്നുന്നുവെങ്കില്‍ സുപ്രീംകോടതിയ്‌ക്ക് ഇക്കാര്യത്തില്‍ ഉത്തരവ് പുറപ്പെടുവിയ്‌ക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. രൂക്ഷമായ വിമര്‍ശനമാണ് ഈ നിലപാടിനെതിരെ സുപ്രീംകോടതി ഉന്നയിച്ചത്. വരള്‍ച്ചാ പ്രശ്നത്തില്‍ സുപ്രീംകോടതിയ്‌ക്ക് ഇടപെടാമെങ്കില്‍ കേന്ദ്രസര്‍ക്കാരിന് എന്തു കൊണ്ട് ആയിക്കൂടാ എന്ന് ജസ്റ്റിസ് മദന്‍ ബി ലോകുര്‍ അദ്ധ്യക്ഷനായ ബെഞ്ച് ചോദിച്ചു.

സംസ്ഥാനസര്‍ക്കാരുകള്‍ നടപടിയെടുക്കുന്നില്ലെങ്കില്‍ പ്രശ്നത്തിലിടപെട്ട് വരള്‍ച്ചയില്‍ പൊറുതി മുട്ടുന്ന സംസ്ഥാനങ്ങളെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാരിന് തടസമെന്തെന്നും സുപ്രീംകോടതി ചോദിച്ചു. അതേസമയം, വരള്‍ച്ചാബാധിത സംസ്ഥാനമായ മഹാരാഷ്‌ട്രയിലെ നാഗ്പൂരില്‍ നടക്കുന്ന ഐപിഎല്‍ മത്സരം മൊഹാലിയിലേയ്‌ക്ക് മാറ്റാന്‍ തയ്യാറാണെന്ന് ബിസിസിഐ ബോംബെ ഹൈക്കോടതിയെ അറിയിച്ചു. മുംബൈയിലും പൂനെയിലും നടക്കുന്ന മത്സരങ്ങളില്‍ കുടിയ്‌ക്കാന്‍ യോഗ്യമല്ലാത്ത വെള്ളമേ ഉപയോഗിയ്‌ക്കൂവെന്നും ബിസിസിഐ കോടതിയ്‌ക്ക് ഉറപ്പ് നല്‍കി.

click me!