സ്വകാര്യ ഹോട്ടല്‍ ലോബിക്ക് ഡിടിപിസി സഹായം

By Web DeskFirst Published Jul 20, 2016, 5:15 AM IST
Highlights

പ്രാദേശിക തലത്തില്‍ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുകള്‍ നിലവില്‍ വന്നത്. അതാതിടങ്ങളിലെ വിനോദ സഞ്ചാര വികസനത്തിനായി നിരവധി കേന്ദ്രങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലാഭരണകൂടത്തിന്‍റെ മേല്‍നോട്ടത്തില്‍ വിനോദ സഞ്ചാരവകുപ്പില്‍ നിന്നും എംഎല്‍എ ഫണ്ടില്‍ നിന്നുമായി ലക്ഷങ്ങള്‍ ചെലവഴിച്ച് തുഷാര ഗിരിയില്‍ ഇത്തരത്തില്‍ ഡിടിപിസി കോട്ടേജുകള്‍ പണിതതെങ്കിലും പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. 

കാലങ്ങളായി തുടരുന്ന ഈ അനാസ്ഥക്ക് പിന്നിലെന്തെന്ന ഞങ്ങളുടെ അന്വേഷണമാണ് ഡിടിപിസി തന്നെ നിയമിച്ച മാനേജരുടെ തട്ടിപ്പിലേക്ക് വിരല്‍ ചൂണ്ടിയത്. വിനോദസഞ്ചാരികളെന്ന രീതിയില്‍ ഡിടിപിസി കേന്ദ്രത്തിലെത്തിയ ഞങ്ങളോട്  താമസത്തിനായി മാനേജര്‍ ചൂണ്ടിക്കാട്ടിയത് ഒരേഒരു റിസോര്‍ട്ട് മാത്രം. 

റിസോര്‍ട്ടിനെ കുറിച്ചുള്ള വര്‍ണ്ണനകള്‍ക്കിടെ അത് സ്വന്തം സഹോദരന്‍റെ സ്ഥാപനമാണെന്നും മദ്യപാനത്തിന് വരെ  സൗകര്യങ്ങള്‍ റിസോര്‍ട്ടിലുണ്ടാകുമെന്നും വാഗ്ദാനം നല്‍കി. വിശദാംശങ്ങളടങ്ങിയ ബ്രോഷറില്‍ മാനേജര്‍ ഷെല്ലി മാത്യു ചൂണ്ടിക്കാട്ടിയതും സ്വന്തം നമ്പര്‍ തന്നെ.

ഡിടിപിസി കേന്ദ്രത്തില്‍ നിന്ന് 300 മീറ്റര്‍ അകലെ മാത്രമാണ് മാനേജര്‍ നിര്‍ദ്ദേശിച്ച റിസോര്‍ട്ട് . 2500 രൂപ മുതല്‍ 3500 വരെ നിരക്ക്.മറ്റ് റിസോര്‍ട്ടുകളുണ്ടെങ്കിലും മാനേജര്‍ എല്ലാവരേയും പറഞ്ഞുവിടുന്നത് ഇവിടേക്കാണെന്നും, നല്ല ബിസിനസാണ് നടക്കുന്നതെന്നും ജീവനക്കാരിയും പറയുന്നു.

കപ്പിള്‍സായിട്ട് വന്നാല്‍ ഡേ ടൈം കിട്ടും, ഐഡി പ്രൂഫ് വേണം. ഇതുവരെ പോലീസ് പരിശോധിച്ചിട്ടില്ല. പുറത്തെ റേറ്റിന് സമാനമായ തുകതന്നെയാണ് ഡിടിപിസി കോട്ടേജുകളിലും നിശ്ചയിച്ചിരുന്നത്. അങ്ങനെയെങ്കില്‍ പ്രതിമാസം 6 ലക്ഷം  മുതല്‍ 8 ലക്ഷം രൂപവരെ  നഷ്ടമാണ് മാനേജരുടെ ക്രമക്കേടിലൂടെ ഡിടിപിസിക്ക് നഷ്ടമാകുന്നത്. 

എന്നാല്‍ തുഷാര ഗിരിയിലെ കോട്ടേജുകളുടെ അവസ്ഥ മാനേജര്‍ ശ്രദ്ധയില്‍പെടുത്തിയിട്ടില്ലെന്നും, അനുവദിച്ചിരിക്കുന്ന ഫണ്ട് ഉപയോഗിച്ച് അതാതിടങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഉത്തരവാദിത്തം ഡിടിപിസുടെ ശമ്പളം പറ്റുന്ന മാനേജര്‍ക്കുണ്ടെന്നുമായിരുന്നു ചെയര്‍മാനായ ജില്ലാകളക്ടര്‍ എന്‍ പ്രശാന്തിന്‍റെ പ്രതികരണം. പല ക്രമക്കേടുകള്‍ക്കും മാനേജര്‍ ഷെല്ലിയെ താക്കീത് ചെയ്തിരുന്നതായി മുന്‍ ഡിടിപിസി സെക്രട്ടറി ആനന്ദും  പ്രതികരിച്ചു. 

click me!