വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സ തേടിയ യുവാവിന്റെ കാലിൽ, കുപ്പിച്ചില്ല് നീക്കം ചെയ്യാതെ തുന്നിച്ചേർത്തതായി പരാതി.

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ വീണ്ടും ഗുരുതര പരാതി. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സ തേടിയ യുവാവിന്റെ കാലിൽ, ഫൈബര്‍ ചില്ല് നീക്കം ചെയ്യാതെ തുന്നിച്ചേർത്തതായി പരാതി. അസഹനീയമായ വേദന അലട്ടിയതോടെ അഞ്ച് മാസത്തിന് ശേഷം നടത്തിയ പരിശോധനയിലാണ് മുറിവിനുള്ളിൽ ഫൈബർ ചില്ല് കണ്ടെത്തിയത്. കുടുംബത്തിന്റെ പരാതി അന്വേഷിക്കാൻ മെഡിക്കൽ കോളേജ് സൂപ്രണ്ട് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ലൈറ്റ് ആന്‍റ് സൌണ്ട് ജീവനക്കാരനായ പുന്നപ്ര സ്വദേശി അനന്തുവിന് കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തിലാണ് അപകടം സംഭവിക്കുന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന സമയത്ത് ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സ തേടി. 

‘’കാലിലെ മുറിവിൽ സ്റ്റിച്ചിട്ട്, രണ്ട് ദിവസം അഡ്മിറ്റ് ചെയ്തു. കാൽ പ്ലാസ്റ്ററിട്ടിരുന്നു. മൂന്നാല് ആഴ്ചക്ക് ശേഷം പ്ലാസ്റ്ററും മാറ്റി സ്റ്റിച്ചുമെടുക്കാമെന്ന് പറഞ്ഞു. കാലിൽ മുഴ കണ്ടത് അവരോട് പറഞ്ഞപ്പോള്‍ ബാൻഡേജ് തരാം അത് ചുറ്റിയാൽ മതിയെന്ന് പറഞ്ഞു. ഒരു ദിവസം കാലിലെ മുഴ തട്ടി വേദനയായി. പിന്നെ ജോലിക്ക് പോകാൻ പറ്റിയില്ല. ബാൻഡേജ് ചുറ്റി നടന്നു. ഡിസംബര്‍ 22 ന് മുഴ പൊട്ടി. വണ്ടാനത്ത് പോയപ്പോള്‍ മുഴ കീറാമെന്ന് പറഞ്ഞ്, പഴുപ്പ് വരാനുള്ള മരുന്ന് വെച്ചു. 29 ന് ഷുഗര്‍ പരിശോധിച്ചിട്ട് ഷുഗര്‍ കൂടുതലാണെന്നും പറഞ്ഞു. ഇവിടെ ഐസിയു ബെഡില്ല, വേറെ എങ്ങോട്ടെങ്കിലും പോകാനും പറഞ്ഞു. അങ്ങനെയാണ് സഹകരണ ആശുപത്രിയിലേക്ക് അവര്‍ അഴിച്ച് നോക്കിയിട്ട് അകത്ത് എന്തോ ഇരിപ്പുണ്ടെന്ന് പറഞ്ഞു. കീറി നോക്കിയപ്പോള്‍ അകത്ത് ഫൈബറിന്‍റെ ചില്ല് കണ്ടെത്തി നീക്കി.'' ജോലിക്ക് പോകാൻ പറ്റാത്ത വിധത്തിൽ അസഹനീയമായ വേദനയാണ് സഹിക്കേണ്ടി വന്നതെന്ന് അനന്തു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിയമപരമായി മുന്നോട്ട് പോകുമെന്ന് കുടുംബം വ്യക്തമാക്കി.