നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വിഎം സുധീരൻ. പാർലമെൻ്ററി രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള മുൻ തീരുമാനം മാറ്റില്ലെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, കണ്ണൂർ സീറ്റിൽ മത്സരിക്കാൻ കോൺഗ്രസിൽ നേതാക്കളുടെ നീണ്ട നിര
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, സ്ഥാനാർത്ഥി നിർണയത്തിലേക്ക് കോൺഗ്രസ് കടക്കുമ്പോൾ, സ്ഥാനാർത്ഥിയാകാനില്ലെന്ന് വ്യക്തമാക്കി വിഎം സുധീരൻ. പാര്‍ലിമെന്ററി രാഷ്ട്രീയ രംഗത്തുനിന്നും വര്‍ഷങ്ങള്‍ക്കു മുമ്പേതന്നെ താന്‍ വിടപറഞ്ഞതാണെന്നും ആ നിലപാട് മാറ്റിയിട്ടില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം താൻ മത്സരിക്കുമെന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും വ്യക്തമാക്കി. ഫെയ്‌സ്ബുക്ക് വഴിയാണ് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി പ്രസിഡൻ്റുമായ അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. പല സന്ദര്‍ഭങ്ങളിലും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് കോണ്‍ഗ്രസ് നേതൃതലത്തില്‍ നിന്നും സമ്മര്‍ദ്ദങ്ങളുണ്ടായെങ്കിലും നന്ദിപൂര്‍വ്വം അതൊക്കെ ഒഴിവാക്കുകയാണുണ്ടായതെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ എഴുതി.
നിയമസഭ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾക്കായുള്ള കോൺഗ്രസ് ക്യാമ്പ് നാളെ വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ തുടങ്ങും. ലക്ഷ്യ 2026 എന്ന് പേരിട്ടിരിക്കുന്ന നേതൃ ക്യാമ്പിൽ സംസ്ഥാനത്തെ പ്രധാനപ്പെട്ട നേതാക്കളെല്ലാം പങ്കെടുക്കുന്നുണ്ട്. സ്ഥാനാർത്ഥിനിർണയം സംബന്ധിച്ച കൂടിയാലോചനകൾ ക്യാമ്പിൽ നടക്കും.
അതേസമയം കണ്ണൂർ സീറ്റിൽ കണ്ണുവച്ച് അര ഡസനോളം കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നത് പാർട്ടി നേതൃത്വത്തിന് വെല്ലുവിളിയായി. താൻ മത്സരിക്കുമെന്ന അവകാശവുമായി കെ സുധാകരൻ എംപിയും ഇറങ്ങിയതോടെ ആര് സ്ഥാനാർത്ഥിയാകുമെന്നാണ് ഉറ്റുനോക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ പതിനയ്യായിരത്തോളം വോട്ടിന്റെ ലീഡാണ് മണ്ഡലത്തിൽ യുഡിഎഫിനുള്ളത്. കെ സുധാകരന് മാത്രം നിയമസഭയിലേക്ക് മത്സരിക്കാൻ ഹൈക്കമാന്റിന്റെ അനുമതി ഉണ്ടെന്നാണ് അദ്ദേഹത്തിന്റെ അനുയായികൾ പ്രചരിപ്പിക്കുന്നത്. അങ്ങനെ ഇളവ് നൽകിയാൽ നാലഞ്ച് എംപിമാർ കൂടി നിയമസഭയിലേക്ക് ഇറങ്ങാൻ തയ്യാറായി നിൽക്കുന്നതിനാൽ കെപിസിസി നേതൃത്വം അനുകൂലമല്ല. മുൻ മേയർ ടിഒ മോഹനൻ, കോർപ്പറേഷൻ കൗൺസിലർ റിജിൽ ചന്ദ്രൻ മാക്കുറ്റി, കെപിസിസി അംഗം അമൃത രാമകൃഷ്ണൻ, കെഎസ്‌യു സംസ്ഥാന ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസ് എന്നിവരാണ് കണ്ണൂരിൽ കണ്ണുവെച്ചിട്ടുള്ളത്.


