ഡിവൈഎസ്പി ഹരികുമാര്‍ ഒളിവില്‍ പോയത് സനലിന്റെ മരണവിവരം അറിഞ്ഞശേഷം

Published : Nov 10, 2018, 06:19 AM ISTUpdated : Nov 10, 2018, 07:58 AM IST
ഡിവൈഎസ്പി ഹരികുമാര്‍ ഒളിവില്‍ പോയത് സനലിന്റെ മരണവിവരം അറിഞ്ഞശേഷം

Synopsis

 സനലിന്റെ മരണം മെഡിക്കല്‍ കോളേജ് പൊലീസില്‍ നിന്നും പൊലിസ് സംഘടനയുടെ ഒരു ജില്ലാ നേതാവ് മുഖേനയാണ് ഡിവൈഎസ്പി ഹരികുമാര്‍ അറിഞ്ഞത്. 

തിരുവനന്തപുരം: ഡിവൈഎസ്പി ഹരികുമാര്‍ ഒളിവില്‍ പോയത് സനലിന്റെ മരണവിവരം അറിഞ്ഞ ശേഷമാണെന്ന് വിവരം. പൊലീസ് നീക്കങ്ങള്‍ അതുവരെ കൃത്യമായി ഹരികുമാര്‍ അറിഞ്ഞിരുന്നുവെന്നാണ് ക്രൈം ബ്രാഞ്ചിന് ലഭിക്കുന്ന വിവരം. ഇയാളുടെ സാമ്പത്തിക ഇടപാടുകളും നിയമനവും അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ ആവശ്യപ്പെട്ടു.

സനലിനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോള്‍ സ്ഥലത്തെ പൊലീസ് ആശുപത്രിയില്‍ എത്തിയിരുന്നു. സനലിന്റെ മരണം മെഡിക്കല്‍ കോളേജ് പൊലീസില്‍ നിന്നും പൊലിസ് സംഘടനയുടെ ഒരു ജില്ലാ നേതാവ് മുഖേനയാണ് ഡിവൈഎസ്പി ഹരികുമാര്‍ അറിഞ്ഞത്. ഇതിന് ശേഷമാണ് റൂറല്‍ എസ് പി അശോക് കുമാറിനെ പ്രതി ഫോണ്‍ വിളിച്ച്, മാറിനില്‍ക്കുകയാണെന്ന് അറിയിച്ചത്. ബന്ധുക്കളേയും അടുത്ത സുഹൃത്തുക്കളെയും കൊണ്ട് പൊലീസ് സമ്മര്‍ദം ചെലുത്തുന്നുണ്ടെങ്കിലും കീഴടങ്ങാന്‍ ഹരികുമാര്‍ തയ്യാറായിട്ടില്ല.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലുമുള്ള ഉന്നത ബന്ധമാണ് ഹരികുമാറിന്റെ ശക്തി. ഏത് മുന്നണി ഭരിക്കുമ്പോഴും ക്രമസമാധാന ചുമതലയുള്ള പദവി ഇയാള്‍ക്ക് കിട്ടിയിരുന്നു. തിരുവനന്തപുരം വിമാനത്താവളം വഴി മതിയായ രേഖകളില്ലാതെ ആളെ കടത്തിയത് മുതല്‍ മോഷണമുതല്‍ വിട്ടുകൊടുക്കാന്‍ കൈക്കൂലി വാങ്ങിയതുവരെയുളള ആരോപണങ്ങള്‍ ഇയാള്‍ക്കെതിരെ ഉയര്‍ന്നെങ്കിലും ഒന്നില്‍ പോലും നടപടി ഉണ്ടായിട്ടില്ല.

അഴിമതി ആരോപണത്തില്‍ വകുപ്പുതല അന്വേഷണം നേരിടുന്ന സമയത്താണ് ഹരികുമാറിന് സ്ഥാനക്കയറ്റം ലഭിക്കുന്നതും നെയ്യാറ്റിന്‍കര ഡിവൈഎസ്പിയായി ചുമതല ഏല്‍ക്കുന്നതും. ക്വാറി, മണല്‍ മാഫിയയുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് മൂന്ന് തവണ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നതാണ്. എന്നിട്ടും ഇയാളെ നെയ്യാറ്റിന്‍കരയിലില്‍ നിന്ന് മാറ്റിയില്ല. 

ഇപ്പോള്‍ പ്രധാന സാക്ഷിയായ മാഹിനെ ഭീഷണിപ്പെടുത്തിയതിന് പിന്നില്‍ ഹരികുമാര്‍ സഹായിച്ചിരുന്ന മാഫിയാ സംഘങ്ങളുടെ പങ്കും സംശയിക്കപ്പെടുന്നുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം കൊണ്ട് സത്യം പുറത്തുവരില്ലെന്നും ഈ ഉദ്യോഗസ്ഥനെ സംബന്ധിച്ച മുഴുവന്‍ കാര്യങ്ങളെക്കുറിച്ചും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആകാശത്ത് വെച്ച് എൻജിൻ ഓഫായി, മുംബൈയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി
'വാളയാറിലേത് വെറും ആള്‍ക്കൂട്ടക്കൊലയല്ല, പിന്നിൽ ആര്‍എസ്എസ് നേതാക്കള്‍'; ഗുരുതര ആരോപണവുമായി മന്ത്രി എംബി രാജേഷ്