'വകതിരിവ് ഇല്ലെങ്കിൽ തിരുത്തണം', ഇരട്ടക്കൊലപാതകത്തിൽ സിപിഎമ്മിന് റവന്യൂ മന്ത്രിയുടെ പരോക്ഷ വിമർശനം

By Web TeamFirst Published Feb 18, 2019, 4:16 PM IST
Highlights

കാസർകോട്ടെ ഇരട്ട കൊലപാതകങ്ങളില്‍ സിപിഎമ്മിന് റവന്യൂ മന്ത്രിയുടെ പരോക്ഷ വിമർശനം. വകതിരിവില്ലായ്മ ഉണ്ടായിടത്ത് തിരുത്തൽ വേണമെന്ന് ഇ ചന്ദ്രശേഖരൻ വിമര്‍ശിച്ചു. വകതിരിവില്ലായ്മ എവിടെ ഉണ്ടായെന്ന് എല്ലാവർക്കും അറിയാമെന്നും റവന്യൂ മന്ത്രി.

കാസർകോട്: കാസർകോട് പെരിയയിലെ ഇരട്ട കൊലപാതകങ്ങളില്‍ സിപിഎമ്മിന്  റവന്യൂ മന്ത്രിയുടെ പരോക്ഷവിമർശനം. വകതിരിവില്ലായ്മ എവിടെ ഉണ്ടായാലും, അവിടെ തിരുത്തൽ വേണമെന്നും ഇ ചന്ദ്രശേഖരൻ വിമര്‍ശിച്ചു. വകതിരിവില്ലായ്മ എവിടെ ഉണ്ടായെന്ന് എല്ലാവർക്കും അറിയാമെന്നും റവന്യൂ മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു റവന്യൂ മന്ത്രി.

രാഷ്ട്രീയ കൊലപാതകങ്ങള്‍ അത്യന്തം ദൗർഭാഗ്യകരമെന്നും ഇ ചന്ദ്രശേഖരൻ പറഞ്ഞു. പ്രദേശത്ത് നേരത്തെ ഏതെങ്കിലും തരത്തിലുള്ള അക്രമ സംഭവങ്ങൾ ഉണ്ടായിരുന്നില്ല. പിന്നെ എങ്ങനെയാണ് അക്രമമുണ്ടായതെന്ന് അറിയില്ല - ഇ ചന്ദ്രശേഖരൻ വ്യക്തമാക്കി. പെരിയ കല്യോട്ട് സ്വദേശികളായ കൃപേഷ്, ശരത് ലാൽ എന്ന ജോഷി എന്നിവരാണ്  കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് കാസർകോട് പുല്ലൂർ പെരിയ പഞ്ചായത്തിലെ കല്ലിയോട്ടുവച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഇരുവര്‍ക്കും വെട്ടേറ്റത്. 

പെരുങ്കളിയാട്ടത്തിന്‍റെ സംഘാടകസമിതി യോഗത്തിന് ശേഷം ബൈക്കിൽ വീട്ടിൽ പോകുന്നതിനിടെയായിരുന്നു ഇരുവർക്കും നേരെയുള്ള ആക്രമണം. ജീപ്പിലെത്തിയ അക്രമി സംഘം ബൈക്ക് ഇടിച്ചിട്ടശേഷം ഇരുവരെയും വെട്ടുകയായിരുന്നു. അക്രമികൾ ഉടൻ തന്നെ സ്ഥലം വിട്ടു. കൃപേഷ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ശരത്ത് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപക ഹര്‍ത്താൽ ആചരിക്കുകയാണ്.

click me!