
തിരുവനന്തപുരം: ഇ പി ജയരാജൻ ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പത്തിന് രാജ്ഭവനിലാണ് ചടങ്ങ്. പ്രതിപക്ഷം സത്യപ്രതിജ്ഞ ബഹിഷ്ക്കരിക്കും. രാജിവെച്ച് ഒരു വർഷവും പത്ത് മാസവും പിന്നിടുമ്പോഴാണ് പിണറായി മന്ത്രിസഭയിലേക്കുള്ള ഇപി ജയരാജൻറെ മടക്കം.
സിപിഎമ്മും എൽഡിഎഫും എതിർപ്പുകളൊന്നുമില്ലാതെ തിരിച്ചുവരവിൽ തീരുമാനമെടുത്തു. 2016 ഒക്ടോബർ 14ന് രാജിവെക്കുമ്പോഴുണ്ടായിരുന്ന വ്യവസായം വാണിജ്യം. യുവജനക്ഷേമം, കായികം തുടങ്ങിയ വകുപ്പുകൾ തന്നെ ജയരാജന് തിരികെ കിട്ടി. കാബിനറ്റ് പദവിയോടെയുള്ള ചീഫ് വിപ്പ് സ്ഥാനം കിട്ടിയതോടെ സിപിഐ അയഞ്ഞു. ധാർമ്മിക പ്രശ്നം ഉയർത്തിയാണ് പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്ക്കരിക്കുന്നത്. ചീഫ് വിപ്പ് സ്ഥാനം അമിതചെലവ് ഉണ്ടാക്കുമെന്ന് പറഞ്ഞ സിപിഐ ഇപ്പോൾ മൗനത്തിലാണെന്നും യുഡിഎഫ് കുറ്റപ്പെടുത്തുന്നു.
പത്തൊന്‍പതിനാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് ചികിത്സക്ക് പോകുന്നത്. മുഖ്യമന്ത്രിയുടെ പകരം ചുമതലയും ഒരുപക്ഷെ ജയരാജന് കിട്ടിയേക്കും. ഇക്കാര്യം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചേക്കും. വകുപ്പുകളിലെ മാറ്റത്തിന് പിന്നാലെ മന്ത്രിമാരുടെ ഓഫീസിലും മാറ്റങ്ങളുണ്ട്. കെകെ ഷൈലജ ഉപയോഗിച്ചിരുന്ന നോർത്ത് സാൻഡ് വിച്ച് ബ്ലോക്കിലെ ഓഫീസാകും ജയരാജന്. ഷൈലജയുടെ ഓഫീസ് സെക്രട്ടറിയേറ്റ് അനക്സ് ടൂവിലേക്ക് മാറും.
മുഖ്യമന്തിയുടെ ഓഫീസുള്ള സെക്രട്ടറിയേറ്റിലെ നോർത്ത് ബ്ലോക്കിലെ മൂന്നാം നിലയിൽ ഇനി മന്ത്രിമാർക്ക് ഓഫീസുണ്ടാകില്ല. അവിടെ ഉണ്ടായിരുന്ന എസി മൊയ്തീൻറെ ഓഫീസ് അനക്സ് വണ്ണിലേക്ക് മാറ്റും. ഓഫീസായെങ്കിലും ഇപി ജയരാജന് ഔദ്യോഗിക വസതിയിൽ തീരുമാനമായില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam