ഐസോലേഷന്‍ വാര്‍ഡില്‍ നിന്ന് ചാടിപ്പോയ എബോള രോഗികളെ മരിച്ച നിലയില്‍ കണ്ടെത്തി

By Web DeskFirst Published May 24, 2018, 8:56 AM IST
Highlights
  • കോംഗോയില്‍ പടര്‍ന്ന് പിടിക്കുന്ന എബോള വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടി
  • ഒരാഴ്ചയ്ക്കിടെ ഒരു നഴ്സ് ഉൾപ്പെടെ 27 പേരാണ് എബോള ബാധിച്ച് മരിച്ചത്

കോംഗോ: കോംഗോയില്‍ പടര്‍ന്ന് പിടിക്കുന്ന എബോള വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടി.  എബോള സ്ഥിരീകരിച്ചതിന് ശേഷം ഐസോലേഷന്‍ വാര്‍ഡില്‍  നിന്ന് ചാടിപ്പോയവരില്‍ രണ്ട്  പേരെ മരിച്ച നിലയില്‍ കണ്ടെത്തി. രോഗികളുമായുള്ള സമ്പര്‍ക്കം മറ്റുള്ളവരിലേക്ക് രോഗം പരത്താന്‍ കാരണമാകുമെന്നതും എബോള ബാധിച്ചവര്‍ രക്ഷപെടാനുള്ള സാധ്യതകള്‍ കുറവായതുമാണ് ആശങ്ക കൂട്ടിയതിനെ തുടര്‍ന്ന് ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയതിന് പിന്നാലെയാണ് ഇവരില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അന്ധ വിശ്വാസങ്ങളും നിരവധി തെറ്റായ ചികിത്സാ രീതിയും നിലനില്‍ക്കുന്ന കോംഗോയിലെ എബോള ബാധയിൽ ലോകാരോഗ്യ സംഘടന ആശങ്ക രേഖപ്പെടുത്തിയിരുന്നു. 10 ലക്ഷത്തിലേറെ ജനസംഖ്യയുള്ള എംബറ്റാകേ നഗരത്തിലാണ് എബോള ഭീതിപരത്തി പടർന്ന് പിടിക്കുന്നത്. ഒരാഴ്ചയ്ക്കിടെ ഒരു നഴ്സ് ഉൾപ്പെടെ 27 പേരാണ് എബോള ബാധിച്ച് മരിച്ചത്. അറുപത് പേർ എബോള ബാധിച്ച് ചികിത്സയിലാണ്. 1970ലാണ് വിനാശകാരിയായ എബോള വൈറസിനെ തിരിച്ചറിഞ്ഞത്. 

നിപയ്ക്ക് സമാനമായി വവ്വാൽ, കുരങ്ങ് എന്നിവ വഴിയാണ് എബോള വൈറസും മനുഷ്യരിലേക്ക് എത്തുന്നത്. വൈറസ് മനുഷ്യശരീരത്തിലെത്തിയാൽ രണ്ടു മുതൽ 21 ദിവസത്തിനിടെ രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങും. ശക്തമായ പനി, തൊണ്ടവേദന, പേശീവേദന, തളർച്ച, ചർദ്ദി എന്നിവയാണ് രോഗലക്ഷണങ്ങൾ. ആന്തരികമോ, ബാഹ്യമോ ആയ രക്തസ്രാവം ഉണ്ടാകാനും സാധ്യതയുണ്ട്. അടിയന്തിയ ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ 16 ദിവസത്തിനുള്ളിൽ മരണം സംഭവിക്കാം.

click me!