
ദില്ലി: സുനന്ദ പുഷ്കറിന്റെ മരണത്തെകുറിച്ച് അന്വേഷിക്കുന്ന ദില്ലി പൊലീസ് ഐപിഎൽ കൊച്ചി ടീമിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നു. കൊച്ചി ടസ്കേഴ്സിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന് ദില്ലി പൊലീസ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് നിർദ്ദേശം നൽകി. സുനന്ദ പുഷ്കറിന്റെ മരണത്തിന് പിന്നിലെ ദുരൂഹത നീക്കാനാണ് ദില്ലി പൊലീസ് അന്വേഷണം ഐപിഎല്ലിലെ കേരള ടീമായിരുന്ന കൊച്ചി ടസ്കേഴ്സിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നത്.
നേരത്തെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമായിരുന്നു ടസ്കേഴ്സിന്റെ ഓഹരി ഇടപാടുകളിലെ ക്രമക്കേട് അന്വേഷിച്ചിരുന്നത്. ഇതിന്റെ രേഖകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറണമെന്ന് ദില്ലി പൊലീസ് ആവശ്യപ്പെട്ടു. സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്നും കത്തിലൂടെ നിര്‍ദ്ദേശം നൽകി. ശശി തരൂർ എംപിയെ വീണ്ടും ദില്ലി പൊലീസ് ചോദ്യം ചെയ്തേക്കുമെന്നും റിപ്പോർട്ടുണ്ട്.
ടസ്കേഴ്സിന്റെ ഉടമകളായ റൊണ്‍ദേവു സ്പോട്സ് വേൾഡിൽ സുനന്ദയ്ക്ക് 75 കോടി രൂപയുടെ ഓഹരി ഉണ്ടായിരുന്നുവെന്നായിരുന്നു റിപ്പോർട്ട്. ഇതിനെകുറിച്ച് ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദിയുടെ ട്വിറ്റർ സന്ദേശമാണ് ശശി തരൂരിനെ വിവാദത്തിലാക്കിയത്. കൊച്ചി ടീമിന്റെ ഓഹരി ഉടമകളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടരുതെന്ന് തരൂർ ആവശ്യപ്പെട്ടുവെന്നായിരുന്നു ലളിത് മോദിയുടെ ട്വീറ്റ്. കൊച്ചിക്ക് ടീം കിട്ടാൻ ശശി തരൂർ കേന്ദ്രമന്ത്രിപദം ഉപയോഗിച്ചുവെന്ന വിമർശങ്ങളെത്തുടർന്ന് സുനന്ദ പുഷ്കർ ഓഹരി മടക്കി നൽകുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam