മുനമ്പം മനുഷ്യക്കടത്ത്; സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്

By Web TeamFirst Published Jan 27, 2019, 8:44 AM IST
Highlights

മുനമ്പത്ത് നിന്ന് ദയാമാതാബോട്ടിൽ യാത്ര തിരിച്ചവർ ഒന്നര ലക്ഷം രൂപ വീതം മുഖ്യഇടനിലക്കാർക്ക് കൈമാറിയിട്ടുണ്ടെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്‍റ്  അന്വേഷണം നടത്തുന്നത്. ശ്രീകാന്തൻ, സെൽവൻ എന്നിവരാണ്  120 ഓളം പേരിൽ നിന്നായി  പണം വാങ്ങിയത്

കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് കേസിലെ സാമ്പത്തിക ഇടപാടുകൾ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധിക്കും. മുനമ്പത്ത് നിന്ന് ദയാമാതാബോട്ടിൽ യാത്ര തിരിച്ചവർ ഒന്നര ലക്ഷം രൂപ വീതം മുഖ്യഇടനിലക്കാർക്ക് കൈമാറിയിട്ടുണ്ടെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം. 

കേസിൽ പിടിയിലായ രവി സനൂപിന്‍റെയും പ്രഭാകരന്‍റെയും മൊഴികളിൽ നിന്നാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പൊലീസിന് ലഭിച്ചത്. മനുഷ്യക്കടത്തിന്‍റെ മുഖ്യ ഇടനിലക്കാരായ ശ്രീകാന്തൻ, സെൽവൻ എന്നിവരാണ്  120 ഓളം പേരിൽ നിന്നായി പണം കൈപ്പറ്റിയത്. ഇത്തരത്തിൽ ഒരു കോടി 80 ലക്ഷത്തോളം രൂപ ഇവർ അനധികൃതമായി വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ്  എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണത്തിനിറങ്ങുന്നത്.

സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിശദാംശങ്ങൾ അന്വേഷണസംഘം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് കൈമാറിയിട്ടുണ്ട്. എന്നാൽ മുഖ്യ ഇടനിലക്കാരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകാത്തത് അന്വേഷണസംഘത്തെ കുഴയ്ക്കുകയാണ്. ശ്രീകാന്തൻ വിദേശത്തേക്ക് കടന്നതായി സൂചനകൾ ഉണ്ടെങ്കിലും സെൽവൻ എവിടെയെന്നത് അവ്യക്തമാണ്. ഇടനിലക്കാരെ പിടികൂടാത്ത സാഹചര്യത്തിൽ കേസ് മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്ന നിലപാടിലാണ് അന്വേഷണസംഘം.

പിടിയിലായവരിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ ബോട്ട് എത്താൻ സാധ്യതയുള്ള ഓസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങി രാജ്യങ്ങൾക്ക് ഇന്‍റലിജൻസ് ഏജൻസികൾ വിവരം കൈമാറിയിട്ടുണ്ട്. അവിടെ നിന്ന് ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാകും തുടരന്വേഷണത്തിൽ തീരുമാനം ഉണ്ടാകുക. അതിനിടെ പിടിയിലായ മൂന്ന് പേരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചു. ഇതിനായി കോടതിയിൽ അപേക്ഷ നൽകി. ഇവരെ മുനമ്പത്ത് നേരിട്ട് എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് നീക്കം.

click me!