
റായ്പൂർ: ചത്തീസ്ഗഡ‍് മുഖ്യമന്ത്രി ഭൂപേഷ് ബാഗെലിന്റെ ഉപദേഷ്ടാവായി സെക്സ് സിഡി കേസിലെ കുറ്റാരോപിതനെ നിയമിച്ച നടപടി വിവാദമാകുന്നു. മുതിർന്ന മാധ്യപ്രവർത്തകനായ വിനോദ് വർമയാണ് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിതനായിരിക്കുന്നത്. സംസ്ഥാനത്തെ മുൻ മന്ത്രിയെ താഴെയിറക്കാനുള്ള ‘ലൈംഗിക സിഡി’ കേസിന്റെ പേരിൽ വർമയെ 2017ഒക്ടോബറിൽ അറസ്റ്റ് ചെയ്തിരുന്നു.
ചത്തീസ്ഗഡിലെ മുൻ പൊതുമരാമത്ത് മന്ത്രിയായിരുന്ന രാജേഷ് മുനാത്തിന്റെ പേരിൽ അശ്ലീല സിഡിയുണ്ടെന്ന് ആരോപിച്ച് ബ്ലാക്മെയിൽ ചെയ്തുവെന്നതായിരുന്നു വിനോദ് വർമക്കെതിരെയുള്ള പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ബി ജെ പി നേതാവായ പ്രകാശ് ബജാജ് നൽകിയ പരാതിയിലായിരുന്നു വർമയെ ഗാസിയാബാദിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി വര്‍മയുടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയിൽ 500 ഓളം സി ഡികളും പെന്‍ഡ്രൈവുകളും പൊലീസ് കണ്ടെത്തിരുന്നു.
ഇതിന് പിന്നാലെ മന്ത്രിയുൾപ്പെടുന്ന അശ്ലീല വിഡിയോ പുറത്തു വരികയും ചെയ്തു. തുടർന്ന് കേസ് സി ബി ഐ ഏറ്റെടുക്കുകയും 60 ദിവസത്തിനുള്ളിൽ കുറ്റപത്രം ഹാജരാക്കാൻ സാധിക്കാത്തതിനാൽ വർമയെ ജാമ്യത്തിൽ വിടുകയായിരുന്നു. അതേ സമയം സെപ്റ്റംബറിൽ ബാഗെൽ, വർമ, മറ്റു മൂന്നുപേർ എന്നിവരെ പ്രതിചേർത്ത് പ്രത്യേക കോടതിയിൽ സി ബി ഐ കുറ്റപത്രം സമർപ്പിച്ചിരുന്നു.
വിനോദ് വർമയെ കൂടാതെ ഹിന്ദി പത്രത്തിന്റെ എഡിറ്റർ സ്ഥാനം രാജിവച്ച് അടുത്തിടെ കോൺഗ്രസിൽ ചേർന്ന രുചിർ ഗാർഗിനെ മാധ്യമ ഉപദേഷ്ടാവായും പ്രദീപ് ശർമയെ പ്ലാനിങ്, നയ, കാർഷിക, ഗ്രാമ വികസന ഉപദേഷ്ടാവായും പാർലമെന്ററി ഉപദേഷ്ടാവായി രാജേഷ് തിവാരിയെയും നിയമിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam