
ന്യൂയോര്‍ക്ക്: പെഷാവറിലെ സ്കൂള്‍ ആക്രമണത്തില്‍ ഭീകരരെ ഇന്ത്യ സഹായിച്ചെന്ന പാകിസ്ഥാന്‍ ആരോപണത്തോട് പൊട്ടിത്തെറിച്ച് ഇന്ത്യ. നികൃഷ്ടമായ ആരോപണങ്ങളിലൂടെ പുറത്ത് വരുന്നത് പാകിസ്ഥാന്റെ കള്ളത്തരങ്ങളാണെന്ന് ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യന്‍ സ്ഥാനപതി ഈനം ഗംഭീര്‍ പറഞ്ഞു. നീചമായ ആരോപണങ്ങളിലൂടെ കൊല്ലപ്പെട്ട കുഞ്ഞുങ്ങളെ പാകിസ്ഥാന്‍ അപമാനിക്കുകയാണെന്നും ഈനം കൂട്ടിച്ചേര്‍ത്തു.
2014ല്‍ നടന്ന ആക്രമണത്തിന് ഭീകരര്‍ക്ക് ഇന്ത്യ പിന്തുണ നല്‍കിയെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിയാണ് ആരോപിച്ചത്. എന്നാല്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് വേണ്ടി കരഞ്ഞ ജനതയാണ് ഇന്ത്യയില്‍ ഉള്ളത്. പാര്‍ലമെന്റിന്റെ ഇരുസഭകളും രാജ്യത്തെ മുഴുവന്‍ സ്കൂളുകളും കൊല്ലപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച കാര്യം ഈനം സഭയെ അറിയിച്ചു. 150ല്‍ അധികം കുട്ടികള്‍ പെഷാവര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് അവരുടെ കുടുംബത്തോടൊപ്പം വേദനിച്ച ഒരു ജനതയെയാണ് ഇപ്പോള്‍ നീചമായ ആരോപണങ്ങളിലൂടെ പാകിസ്ഥാന്‍ ആരോപിക്കുന്നതെന്ന് ഈനം ഗംഭീര്‍ വിശദമാക്കി.
തീവ്രവാദിയായി യുഎന്‍ അംഗീകരിച്ചവര്‍ പോലും പാകിസ്ഥാനില്‍ സ്വതന്ത്രമായി ജീവിക്കുമ്പോഴാണ് ഇത്തരം ആരോപണം ഉയര്‍ത്തുന്നതെന്നും ഈനം സഭയെ അറിയിച്ചു. ഇത്തരത്തില്‍ യുഎന്‍ അംഗീകരിച്ച 132 തീവ്രവാദികളാണ് പാകിസ്ഥാനില്‍ സ്വതന്ത്രരായി കഴിയുന്നത്. ഈ വസ്തുത നിഷേധിക്കാന്‍ പാകിസ്ഥാന് കഴിയുമോയെന്നും ഈനം ചോദിച്ചു. ഇത്തരം തീവ്രവാദികള്‍ക്ക് തിരഞ്ഞടുപ്പിന്റെ ഭാഗമാകാനുള്ള സ്വാതന്ത്രമുള്ള രാജ്യമാണ് പാകിസ്ഥാന്‍ എന്നും ഈനം വിശദമാക്കി. ജമ്മു കശ്മീര്‍ ഇന്ത്യയുടെ തന്നെ ഭാഗമായി തുടരുമെന്ന് ഈനം പറഞ്ഞു. പുതിയ സര്‍ക്കാരിന് കീഴില്‍ ഭീകരതയ്ക്കെതിരായ നീക്കങ്ങള്‍ ശക്തമാണെന്ന് പാക് വാദം ഈനം ഗംഭീര്‍ തള്ളിക്കളഞ്ഞു. വസ്തുതകളെ ആധാരമാക്കി പരിശോധന നടത്താന്‍ പാകിസ്ഥാന്‍ തയ്യാറാണോയെന്ന് ഈനം സഭയില്‍ ചോദിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam