ചെറിയ പെരുന്നാള്‍: ഒമാനില്‍ പ്രവാസി മലയാളികള്‍ക്കുള്ള ഈദ് ഗാഹുകള്‍ ഒരുങ്ങി

By Web DeskFirst Published Jun 15, 2018, 12:26 AM IST
Highlights
  • പ്രവാസി മലയാളികള്‍ക്കുള്ള ഈദ് ഗാഹുകൾ വിവിധ ഭാഗങ്ങളിൽ തയ്യാര്‍

മസ്കറ്റ്: ഒമാനില്‍ ചെറിയ പെരുന്നാൾ നമസ്‌കാരങ്ങൾക്ക് പ്രവാസി മലയാളികള്‍ക്കുള്ള ഈദ് ഗാഹുകൾ വിവിധ ഭാഗങ്ങളിൽ ഒരുങ്ങി. രാജ്യത്തെ എല്ലാ പ്രധാന മസ്‌ജിദുകളിലും പെരുന്നാൾ നമസ്കാരങ്ങൾ ഉണ്ടാകുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. 

പെരുന്നാൾ ദിവസം രാവിലെ റൂവി അൽ ഫഹലാദ് മസ്ജിദിൽ റഫീഖ് സഖാഫിയും, ഗാല അൽ റുസൈഖി മൈതാനത്തിൽ ഷിഹാബുദ്ദീൻ പൂക്കോട്ടൂരും,  
സലാല അൽ ഇത്തിഹാദ് ക്ലബ്​മൈതാനത്തിൽ മൗലവി മുസ്തഫ യാസിനും, സീബ് അൽ ഹൈൽ ഫുട്ബോള്‍ സ്റ്റേഡിയത്തിൽ അബ്ദുൽ റഹിമാനും പെരുന്നാൾ നമസ്‌കാരങ്ങൾക്ക് നേതൃത്വം നൽകും. 

ചെറിയ പെരുന്നാൾ പ്രമാണിച്ചു ജൂൺ പതിനെട്ടാം തിയതി വരെ ഒമാൻ സർക്കാർ പൊതു ഒഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. അവധിക്ക് ശേഷം ജൂൺ 19  ചൊവ്വാഴ്ച മുതൽ സർക്കാർ സ്വകാര്യാ സ്ഥാപനങ്ങൾ പ്രവർത്തിച്ചു തുടങ്ങും. അവധി ദിവസങ്ങളിൽ റോഡ്മാർഗം വിനോദ സഞ്ചാരത്തിന് തയ്യാറെടുക്കുന്നവർ കർശനമായും ഗതാഗത നിയമങ്ങൾ പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസിന്റെ സുരക്ഷാ അറിയിപ്പിൽ പറയുന്നു.

വിവിധ കുറ്റകൃത്യങ്ങളിൽ ഏര്‍പ്പെട്ട് ജയിൽശിക്ഷ അനുഭവിച്ചു വന്നിരുന്ന 353 തടവുകാർക്ക് ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സൈദ് ഈദ് അൽ ഫിത്തർ പ്രമാണിച്ചു ജയിൽ മോചനം നൽകിയിട്ടുണ്ട്. ഇതിൽ  133  പേര്‍ വിദേശികളാണ്. പെരുന്നാൾ ആഘോഷങ്ങൾക്കുള്ള അവസാനഘട്ട ഒരുക്കങ്ങളും   ഒമാനിലെ വിശ്വാസിസമൂഹം പൂർത്തിയാക്കിക്കഴിഞ്ഞു.

click me!