വാളയാറിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഛത്തീസ്​ഗഡ് സ്വദേശി റാം നാരായണന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.

പാലക്കാട്: വാളയാറിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഛത്തീസ്​ഗഡ് സ്വദേശി റാം നാരായണന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. പുലർച്ചെ 2.30 കഴിഞ്ഞാണ് മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിൽ നിന്നും നെടുമ്പാശ്ശേരിയിലേക്ക് കൊണ്ടുപോയത്. മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചിരിക്കുകയാണ്. 11 മണിക്കുള്ള വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. സർക്കാർ ചെലവിലാണ് മൃതദേഹം കൊണ്ടുപോകുന്നത്. റാം നാരായണന്റെ കുടുംബവും ഇതേ വിമാനത്തിൽ നാട്ടിലേക്ക് പോകും.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ ബുധനാഴ്ച 3 മണിയ്ക്കാണ് സംഭവം നടന്നത്. കഞ്ചിക്കോട് കിംഫ്രയിൽ ജോലി തേടിയാണ് ഛത്തീസ്ഗഡ് സ്വദേശിയായ രാമനാരായണൻ പാലക്കാട് എത്തിയത്. പരിചയമില്ലാത്ത സ്ഥലം ആയതിനാൽ വഴിതെറ്റി വാളയാറിലെ അട്ടപ്പള്ളത്തെത്തി. മൂന്നുവർഷം മുൻപേ ഭാര്യ ഉപേക്ഷിച്ച് പോയതോടെ ചില മാനസിക പ്രശ്നങ്ങൾ രാംനാരായണനുണ്ടായിരുന്നു. അട്ടപ്പള്ളത്തെ തൊഴിലുറപ്പ് തൊഴിലാളികൾ ആണ് രാം നാരായണനെ ആദ്യം പ്രദേശത്ത് കാണുന്നത്.

തുടർന്ന് സമീപത്തെ യുവാക്കളെ വിവരം അറിയിച്ചു.. പിന്നീട് പ്രദേശവസികൾ സംഘം ചേർന്ന് രാംനാരായണനെ തടഞ്ഞുവെക്കുകയും കള്ളൻ എന്ന് ആരോപിച്ചു മർദ്ദിക്കുകയും ചെയ്തു. പുറം മുഴുവൻ വടി കൊണ്ടടിച്ച പാടുകളുണ്ടായിരുന്നു. കഴുത്തിനും കൈയ്ക്കും ഇടുപ്പിനും പരിക്കേറ്റിരുന്നു. ക്രൂരമര്‍ദനത്തിൽ അവശനിലയിൽ ആയ രാമനാരായണനെ പോലീസ് എത്തി പാലക്കാട്ട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ നഷ്ടപ്പെട്ടു. ദേഹമാസകലം മൃഗീയമായ മർദ്ദനത്തിന്റെ മുറിവുകളുണ്ടെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. അതിഥിത്തൊഴിലാളിയുടെ ശരീരത്തിൽ മർദനമേൽക്കാത്ത ഒരു ഭാഗം പോലും ഇല്ലെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്. യുവാവ് നേരിട്ടത് മണിക്കൂറുകൾ നീണ്ട കൊടും ക്രൂരതയായിരുന്നു. സംഭവത്തിൽ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Asianet News Live | Malayalam News Live | Live Breaking News l Kerala News | HD Live News Streaming