ഇന്ന് ചെറിയ പെരുന്നാൾ: പുണ്യദിനം ആഘോഷമാക്കി വിശ്വാസികൾ

By Web DeskFirst Published Jul 6, 2016, 12:48 AM IST
Highlights

തിരുവനന്തപുരം: പെരുന്നാൾ ആഘോഷത്തിന്‍റെ നിറവിലാണ് ഇസ്ലാം മതവിശ്വാസികൾ. ഒരുമാസത്തെ കഠിനമായ വ്രതത്തിനൊടുവിലാണ് വിശ്വാസ സമൂഹം ചെറിയപെരുന്നാളാഘോഷിക്കുന്നത്. പെരുന്നാള്‍ നമസ്കാരത്തിനായി പള്ളികളും ഈദ്ഗാഹുകളും ഒരുങ്ങിക്കഴിഞ്ഞു.

വിശുദ്ധ മാസമായ റംസാന്‍ മുപ്പത് പൂര്‍ത്തിയാക്കിയാണ് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. ഒരുമാസക്കാലത്തെ വ്രതശുദ്ധിയുടെ നിറവിലാണ് ഈദുല്‍ ഫിത്വര്‍ ആഘോഷം. ഖുറാന്‍ അവതരിച്ച മാസമാണ് റംസാന്‍ .പുണ്യമാസത്തില്‍ പകല്‍ മുഴുവന്‍ അന്നപാനീയങ്ങള്‍ വെടിഞ്ഞ് കഠിന വ്രതം.

വിശ്വാസി വ്രതമെടുക്കുന്നത്. ശരീരവും മനസും ശുദ്ദമാക്കിയാണ്വിശ്വാസി ഈദുല്‍ ഫിത്വറിനെ വരവേൽക്കുന്പോൾ ഒരു റംസാൻ കാലത്തിന്റെ കൂടി പുണ്യത്തിലാണ് വിശ്വാസി. പാവപ്പെട്ടവന് കൈത്താങ്ങായി ദാനത്തിന്റെയും ധർമ്മത്തിന്‍റെ വലിയ മാതൃക കൂടി ഈ ദിനം ലോകം ഓർക്കുന്നു.

ഗള്‍ഫ് നാടുകളിലും ഇന്ന് പെരുന്നാള്‍

ദുബായ്: ഗള്‍ഫ് നാടുകളിലും ഇന്ന് പെരുന്നാള്‍ ആഘോഷിക്കുകയാണ്. വളരെ കാലത്തിന് ശേഷമാണ് ജി.സി.സി രാജ്യങ്ങളിലെല്ലാം ഒരു ദിവസം ഈദ് എത്തുന്നത്.

യു.എ.ഇ ഉള്‍പ്പടെയുള്ള എല്ലാ ഗള്‍ഫ് നാടുകളിലും ഇന്നാണ് ചെറിയ പെരുന്നാള്‍. റമസാന്‍ 30 പൂര്‍ത്തിയാക്കിയാണ് ഒമാന്‍ ഒഴികെയുള്ള ജി.സി.സി രാജ്യങ്ങള്‍ ഇത്തവണ ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുന്നത്. ഒമാനില്‍ 29 ദിവസത്തെ വ്രതാനുഷ്ഠാനമായിരുന്നു. ഇന്നലെ ശവ്വാല്‍ മാസപ്പിറവി കണ്ടതിനാല്‍ ഒമാനിലും ഇന്ന് ചെറിയ പെരുന്നാളായി. സൗദി അറേബ്യ, ഖത്തര്‍, ബഹ്റിന്‍, കുവൈറ്റ് എന്നീ രാജ്യങ്ങളിലെല്ലാം വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷത്തിന്‍റെ നിറവിലാണ്.

ഈ രാജ്യങ്ങളിലെല്ലാം സ്വകാര്യ മേഖലയ്ക്ക് ചുരുങ്ങിയത് നാല് ദിവസം തുടര്‍ച്ചയായി അവധി ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഒത്തുചേരലും യാത്രകളുമെല്ലാമായി പെരുന്നാള്‍ ആഘോഷം കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രവാസികള്‍.

ദുബായില്‍ ഈദ് ഇന്‍ ദുബായ് എന്ന പേരില്‍ ഗവണ്‍മെന്‍റ് അധികൃതര്‍ വേറിട്ട പെരുന്നാള്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ ഈദ് സ്റ്റേജ് ഷോകളും അരങ്ങേറും.

വളരെക്കാലങ്ങള്‍ക്ക് ശേഷമാണ് എല്ലാ ജി.സി.സി രാജ്യങ്ങളിലും കേരളത്തിലും ഒരേ ദിവസം പെരുന്നാള്‍ എത്തുന്നത് എന്ന പ്രത്യേകതയുണ്ട്. ആത്മസമര്‍പ്പണത്തിന്‍റേയും ത്യാഗത്തിന്‍റേയും പുണ്യ രാപ്പകലുകളില്‍ സ്ഫുടം ചെയ്ത മനസുമായി ഇനി ആഘോഷത്തിലേക്ക്. എല്ലാവര്‍ക്കും ചെറിയ പെരുന്നാള്‍ ആശംസകള്‍. 

click me!