
കണ്ണൂർ: നായനാർ അക്കാദമിയിൽ സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്ത നായനാരുടെ പൂർണകായ ശിൽപ്പം സിപിഎം പുതുക്കിപ്പണിയുന്നു. ശിൽപ്പത്തിന് നായനാരുടെ മുഖ സാദൃശ്യമില്ലെന്ന കുടുംബത്തിന്റെയടക്കം വിമർശനങ്ങൾ കണക്കിലെടുത്താണ് നടപടി. അതേസമയം, ശിൽപ്പം സ്ഥാപിച്ച പീഠത്തിന്റെ ഉയരക്കൂടുതലും ശിൽപ്പത്തിന്റെ മുഖത്തേക്ക് വെളിച്ചം ലഭിക്കാത്തതുമാണ് പ്രശ്നമെന്ന് ശിൽപ്പി തോമസ് ജോൺ കോവൂർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വിടപറഞ്ഞു പോകുന്നതിന് മുന്പുള്ള, പ്രസന്നമായ മുഖത്തോടെയുള്ള നായനാരുടെ വിഖ്യാതമായ ചിത്രം.. കല്യാശേരിയിലെ വീടിന്റെ പൂമുഖത്തുള്ള, കേരളത്തിന്റെ മനസ്സിൽ പതിഞ്ഞ ഈ ചിത്രമാണ് നായനാർ അക്കാദമിയിൽ ശിൽപ്പമാക്കി സ്ഥാപിച്ചത്. എന്നാൽ നായനാരുടെ പേരിലുള്ള നക്ഷത്ര സമുച്ചയത്തോടൊപ്പം ശിൽപ്പം അനാച്ഛാദനം കഴിഞ്ഞത് മുതൽ അഭിപ്രായങ്ങൾ അത്ര സുഖകരമല്ല.
വശങ്ങളിൽ നിന്ന് കാണുന്പോള്‍ പ്രശ്നമില്ലെങ്കിലും, നായനാരുടെ മുഖത്തിന്റെ തെളിച്ചവും രൂപവും ചിരിയും മുൻപിൽ നിന്നുള്ള കാഴ്ച്ചയിൽ ലഭിക്കുന്നില്ല. ഇതോടെയാണ് ഉടനടി പുതുക്കിപ്പണിയല്‍ ആരംഭിച്ചിരിക്കുന്നത്. പീഠത്തിന്റെ ഉയരക്കൂടുതലും, പകൽവെളിച്ചത്തിൽ മുഖത്ത് പ്രകാശമില്ലാത്തതുമാണ് വിനയായതെന്ന് നിർമ്മാണ സമയത്തെ ശിൽപ്പത്തിന്റെ ഫോട്ടോകൾ സഹിതം ശിൽപ്പി വിശദീകരിക്കുന്നു. ഇത് പരിഹരിക്കാനാണ് ശ്രമം.ആകെ പതിമൂന്ന് ലക്ഷത്തിലധികം രൂപയാണ് ശിൽപ്പ നിർമ്മാണത്തിനായി ചിലവായത്. ജയ്പ്പൂരിൽ വെച്ചായിരുന്നു നിർമ്മാണം. ഒരാഴ്ച്ചക്കകം പ്രശ്നം പരിഹരിക്കാനാണ് കരാറേറ്റെടുത്തവരോട് സിപിഎം നിർദേശം നൽകിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam