സസ്പെന്‍ഷനിലായ എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ വകുപ്പുതല അന്വേഷണം ഇന്ന് തുടങ്ങും. സസ്പെൻഷൻ മാത്രം പോരായെന്നും കേസെടുക്കണമെന്നും മർദനമേറ്റ കുടുംബം.
എറണാകുളം: എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിയായ യുവതിയെ പൊലീസ് സ്റ്റേഷനുള്ളില്‍ മര്‍ദിച്ചതിന്‍റെ പേരില്‍ സസ്പെന്‍ഷനിലായ എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ വകുപ്പുതല അന്വേഷണം ഇന്ന് തുടങ്ങും. സസ്പെൻഷൻ മാത്രം പോരായെന്നും കേസെടുക്കണമെന്നും മർദനമേറ്റ കുടുംബം പറഞ്ഞു. പ്രതാപ ചന്ദ്രനെതിരെ കൂടുതല്‍ പരാതികള്‍ പുറത്തേക്ക് വരാനും സാധ്യതയുണ്ട്.
സ്ത്രീത്വത്തെ അപമാനിക്കും വിധമായിരുന്നു എസ് എച്ച് ഒയുടെ പെരുമാറ്റമെന്നും സസ്പെന്‍ഷനൊപ്പം പ്രതാപ ചന്ദ്രനെതിരെ കേസെടുക്കണമെന്നുമാണ് പരാതിക്കാരിയുടെ ആവശ്യം. തുടര്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് നോര്‍ത്തില്‍ ലോഡ്ജ് നടത്തുന്ന ഷൈമോളും ഭര്‍ത്താവ് ബെഞ്ചോയും വ്യക്തമാക്കി. 2024 ജൂണില്‍ നടന്ന പൊലീസ് അതിക്രമത്തിന്‍റെ ദൃശ്യങ്ങളാണ് ഷൈമോള്‍ ഹൈക്കോടതി ഉത്തരവിലൂടെ പൊലീസ് സ്റ്റേഷനില്‍ നിന്ന് ശേഖരിച്ചത്.


