
തിരുവനന്തപുരം: ദുരിതബാധിത പ്രദേശങ്ങളില്‍ വൈദ്യുതിമേഖല പുനരുദ്ധരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 12.50 ലക്ഷം വൈദ്യുത കണക്ഷനുകള്‍ പുന:സ്ഥാപിച്ചു. ഇപ്പോള്‍ 13 ലക്ഷം വീടുകളില്‍ കൂടി വൈദ്യുതി പുന:സ്ഥാപിച്ചു നല്‍കുന്നുണ്ട്. 1526 ട്രാന്‍സ്ഫോര്‍മറുകള്‍ ഇന്ന് ചാര്‍ജ്ജ് ചെയ്തു. ബാക്കി 4600 ട്രാന്‍സ്ഫോര്‍മറുകളാണ് ചാര്‍ജ്ജ് ചെയ്യാനുള്ളത്. ഇതില്‍ ഏകദേശം ആയിരത്തോളം എണ്ണം ഇപ്പോഴും വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്.
ആന്ധ്ര, തെലുങ്കാന, തമിഴ്നാട്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളിലെ ജീവനക്കാര്‍ ഇക്കാര്യത്തില്‍ സഹായിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍നിന്നുള്ള ജീവനക്കാരും കരാറുകാരും പ്രളയബാധിത പ്രദേശങ്ങളില്‍ ജോലി ചെയ്യാന്‍ എത്തിയിട്ടുണ്ട്. ആന്ധ്രയില്‍നിന്ന് 130 പേരടങ്ങുന്ന സംഘം ഇരിഞ്ഞാലക്കുട, തൃശ്ശൂര്‍ പ്രദേശങ്ങളില്‍ വൈദ്യുതി പുന:സ്ഥാപിക്കുന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുകഴിഞ്ഞു. കൂടാതെ വിവിധ വൈദ്യുതിസ്ഥാപനങ്ങള്‍, ആവശ്യത്തിന് സാധനസാമഗ്രികള്‍ നല്‍കാമെന്നും അറിയിച്ചിട്ടുണ്ട്.
തമിഴ്നാട്ടില്‍നിന്ന് 240 വിതരണ ട്രാന്‍സ്ഫോര്‍മറുകളും 50000 സിംഗിള്‍ഫേസ് മീറ്ററുകളും നല്‍കാമെന്ന് പറഞ്ഞതില്‍ 125 ട്രാന്‍സ്ഫോര്‍മറുകള്‍ എത്തിക്കഴിഞ്ഞു. 500 വീടുകളിലെ വൈദ്യുതിബന്ധം പുന:സ്ഥാപിക്കുന്ന ജോലികള്‍ ഏറ്റെടുത്ത് നടപ്പാക്കാമെന്ന് എല്‍ & റ്റി ഉറപ്പ് നല്‍കിയിട്ടുണ്ട്. സാധനസാമഗ്രികളും അവര്‍തന്നെ നല്‍കും. കര്‍ണ്ണാടകത്തിലെ ഹൂബ്ളി ഇലക്ട്രിക് കമ്പനി 100 വിതരണ ട്രാന്‍സ്ഫോര്‍മറുകള്‍ നല്‍കും. അതില്‍ 50 എണ്ണം മാടക്കത്തറയില്‍ എത്തി. പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ 50 കിലോലിറ്റര്‍ ട്രാന്‍സ്ഫോര്‍മര്‍ ഓയിലും ട്രാന്‍സ്ഫോര്‍മറുകള്‍ കൊണ്ടുപോകുന്നതിനായി 3 ട്രക്കുകളും ഡിസ്ക് ഇന്‍സുലേറ്ററുകളും, എല്‍.റ്റി പാനലുകളും നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം വൈദ്യുതിഭവനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജമായിക്കഴിഞ്ഞു. പ്രളയപ്രദേശങ്ങളില്‍ തകര്‍ന്ന വൈദ്യുതിലൈനുകളുടെ പുനര്‍നിര്‍മ്മാണത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളുടെ പൂര്‍ണ്ണ സഹകരണം അഭ്യര്‍ത്ഥിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam