തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇടഞ്ഞു; വിരണ്ടോടിയ ആന ഒരാളെ ചവിട്ടിക്കൊന്നു, എട്ട് പേര്‍ക്ക് പരിക്ക്

By Web TeamFirst Published Feb 8, 2019, 3:39 PM IST
Highlights

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആനയാണ് ഇടഞ്ഞത്.പിറകില്‍ നിന്ന് ചിലര്‍ പടക്കം പൊട്ടിച്ചതോടെ അന്ധനായ ആന പരിഭ്രാന്തനായി ഓടുകയായിരുന്നു.ഓടുന്നതിനിടെ ആനയുടെ ചവിട്ടേറ്റാണ് സമീപത്ത് നില്‍ക്കുകയായിരുന്ന ബാബു കൊല്ലപ്പെട്ടത്

തൃശ്ശൂര്‍: ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ക്ഷേത്ര ഉത്സവത്തിനിടെ ഇടഞ്ഞോടിയ ആന ഒരാളെ ചവിട്ടിക്കൊന്നു. കണ്ണൂര്‍ സ്വദേശി ബാബുവാണ് മരിച്ചത്. തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രൻ എന്ന ആനയാണ് ഇടഞ്ഞത്.പിറകില്‍ നിന്ന് ചിലര്‍ പടക്കം പൊട്ടിച്ചതോടെ അന്ധനായ ആന പരിഭ്രാന്തനായി ഓടുകയായിരുന്നു. ഓടുന്നതിനിടെയാണ് സമീപത്ത് നില്‍ക്കുകയായിരുന്ന ബാബു ആനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടത്.

കോട്ടപടിയിലെ ബന്ധുവിൻറെ വീട്ടിലേക്ക് വന്നതായിരുന്നു ബാബു. ആനയിടഞ്ഞ് പരിഭ്രാന്തരായി ഓടിയ ജനക്കൂട്ടത്തിനിടയ്ക്ക് പെട്ട എട്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആനയുടെ മുന്നില്‍ നിന്നിരുന്ന മേളക്കാര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

തൃശൂര്‍ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്‍റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. കേരളത്തിലിന്നു ജീവിച്ചിരിപ്പുള്ളതിൽ ഏറ്റവും ഉയരമുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ അമ്പത് വയസിലേറെ പ്രായമുണ്ട്. കാഴ്ച കുറവുള്ള ആനയെ മദപ്പാടിനിടെയും എഴുന്നെള്ളിക്കുന്നതിനെതിരെ ഇതിനു മുൻപ് വിവാദങ്ങളുമുണ്ടായിട്ടുണ്ട്.

click me!