
കൊച്ചി: കലാഭവൻ മണിയുടെ ഏഴ് സുഹൃത്തുക്കൾ നുണപരിശോധനയ്ക്ക് ഹാജരാകാം എന്ന് കോടതിയെ അറിയിച്ചു. സാബുമോനും ജാഫർ ഇടുക്കിയും അടക്കം ഏഴ് പേരാണ് നുണ പരിശോധനയ്ക്ക് ഹാജരാകാൻ തയ്യാറാണ് എന്നറിയിച്ചത്. എറണാകുളം സിജെഎം കോടതിയിൽ നേരിട്ട് ഹാജരായാണ് ഏഴുപേരും പരിശോധനയ്ക്ക് സമ്മതം അറിയിച്ചത്.
കലാഭവൻ മണിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ശരീരത്തിനുള്ളിൽ വിഷാംശം ഉണ്ടെന്ന് സിബിഐ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് സുഹൃത്തുക്കളോട് നുണപരിശോധനയ്ക്ക് ഹാജരാകാൻ ആവശ്യപ്പെട്ടത്.
ഫോറൻസിക് പരിശോധനാ ഫലങ്ങളിലെ വൈരുധ്യമടക്കം ചൂണ്ടിക്കാട്ടി മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. തുടർന്ന് 2017 മെയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്, സിബിഐ കൊച്ചി യൂണിറ്റ് അന്വേഷണം തുടങ്ങി. സിനിമാരംഗത്തുള്ള സുഹൃത്തുക്കളടക്കം കലാഭവൻ മണിയുമായി ബന്ധമുള്ള നൂറുകണക്കിനാളുകളുടെ മൊഴിയെടുത്തു.
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സ്ഥലം ഇടപാടുകൾ, സ്വത്ത് വിവരങ്ങൾ എന്നിവയും ശേഖരിച്ചു. കുടുംബവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കൈമാറിയെന്ന് സഹോദരൻ ആർഎൽവി രാമകൃഷ്ണൻ പറയുന്നു. എന്നാൽ അന്വേഷണം എവിടെയെത്തിയെന്നറിയില്ല. കേസിന്‍റെ തുടക്കം മുതൽ തന്നെ മണിയുടെ കുടുംബം ചില സുഹൃത്തുക്കൾക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ഇവർക്കെതിരെ തെളിവുകളൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം. അന്വേഷണം ഉടൻ പൂർത്തിയാക്കി റിപ്പോർട്ട് നൽകുമെന്നാണ് സിബിഐ വൃത്തങ്ങൾ നൽകുന്ന സൂചന.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam