
റിയാദ്: ഭീകരരെ സഹായിക്കുന്നു എന്നാരോപിച്ച് ഖത്തറുമായുള്ള നയതന്ത്രബന്ധം ഉപേക്ഷിച്ചതിനു പിന്നാലെ സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, ഈജിപ്ത് രാജ്യങ്ങൾ ഖത്തറിലേക്കുള്ള വിമാനസർവീസുകളും റദ്ദാക്കി. അബുദാബിയിലെ എത്തിഹാദ് എയർവെയ്സ് ചൊവ്വാഴ്ച മുതൽ സർവീസ് നടത്തില്ലെന്ന് അറിയിച്ചു. ദോഹയിലേക്കും തിരിച്ചും വിമാനസർവീസ് ഉണ്ടായിരിക്കില്ല. ദിവസവും നാലോളം സര്‍വീസുകളാണ് എത്തിഹാദിന് ദോഹയില്‍ നിന്നുള്ളത്. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കുന്നു എന്നാണ് എത്തിഹാദ് എയര്‍വേയ്സ് വ്യക്തമാക്കിയിരിക്കുന്നത്.
ചൊവ്വാഴ്ച പ്രാദേശിക സമയം 2.45നായിരിക്കും ദോഹയിലേക്കുള്ള അവസാന വിമാനമെന്ന് എത്തിഹാദ് വക്താവ് അറിയിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ നാലിനായിരിക്കും ദോഹയില്‍ നിന്ന് അബുദാബിയിലേക്കുള്ള അവാസന സര്‍വീസ്. ദുബായിൽനിന്ന് ദോഹയിലേക്കു സർവീസ് നടത്തുന്ന ഫ്ലൈ ദുബായിയും ചൊവ്വാഴ്ച മുതല്‍ സർവീസ് നിർത്തിവെയ്ക്കുമെന്ന് വ്യക്തമാക്കി. ദുബായില്‍ നിന്ന് ദോഹയിലേക്കുള്ള അവസാന എമിറേറ്റ്സ് സര്‍വീസ് പുലര്‍ച്ചെ 2.30ന് ആയിരിക്കും സര്‍വീസ് നടത്തുക.
എത്തിഹാദിലും എമിറേറ്റ്സിലും മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ഇരുകമ്പനികളുടെ വക്താക്കള്‍ അറിയിച്ചു. എത്തിഹാദിന് അബുദാബി-ദോഹ റൂട്ടില്‍ എട്ട് സര്‍വീസുകളാണ് ദിവസേന ഉള്ളത്. ദുബായ്-ദോഹ റൂട്ടില്‍ എമിറേറ്റ്സിന് ദിവസവും 14 സര്‍വീസുകളുണ്ട്. ഫ്ലൈ ദുബായ് ദിവസേന 12 സര്‍വീസുകളാണ് ഈ റൂട്ടില്‍ നടത്തുന്നത്.വിമാനസര്‍വീസുകൾ നിർത്തിയത് മലയാളികളെ ഗുരുതരമായി ബാധിക്കുമെന്നാണ് സൂചന. അതേസമയം ഖത്തർ എയർവെയ്സ് സൗദിയിലേക്കുള്ള എല്ലാ വിമാനസർവീസുകളും നിർത്തിവച്ചു.
എമിറേറ്റ്സ്, സൗദി, ഗൾഫ് എയർ, ഈജിപ്ത് എയർ എന്നീ വിമാനക്കമ്പനികളും സർവീസ് നിർത്തുന്നതായാണ് വിവരം. അതേസമയം ഖത്തറിലെ തീർഥാടകരെ എത്തിക്കുന്നതിന് വിലക്കേർപ്പേടുത്തിയിട്ടില്ല. ഭീകരർക്ക് സാമ്പത്തിക സഹായം നൽകുന്നുവെന്ന് ആരോപിച്ചാണ് ഖത്തറുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കാൻ രാജ്യങ്ങൾ തീരുമാനിച്ചത്. ഖത്തറുമായുള്ള ബന്ധം അവസാനിപ്പിക്കാൻ മറ്റു രാജ്യങ്ങളോടും സൗദി ആഹ്വാനം ചെയ്യുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam