
തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയില്‍നിന്ന് പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരുടെ സമരം അഞ്ചാം ദിവസത്തിലേക്ക്. സെക്രട്ടറിയറ്റിന് മുന്നില്‍ നടത്തിവന്ന സമരം ഇന്ന് നിയമസഭാ മന്ദിരത്തിന് മുന്നിലേക്ക് മാറ്റും. ബജറ്റ് സമ്മേളനത്തിനായി നിയമസഭാ ഇന്ന് തുടങ്ങുന്ന സാഹചര്യത്തിലാണ് ജീവനക്കാര്‍ സമരവേദി മാറ്റാന്‍ തീരുമാനിച്ചത്.
പിരിച്ചുവിട്ട തൊഴിലാലികളെ തിരിച്ചെടുക്കുക, അല്ലെങ്കില്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. നിയമസഭാസമ്മേളനം തുടങ്ങുന്നതിന് മുമ്പ് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സമരം നിയമസഭക്കു മുന്നിലേക്ക് മാറ്റുമെന്ന് ജീവനക്കാരുടെ കൂട്ടായ്മ നേരത്തേ അറിയിച്ചിരുന്നു. ഇതിനിടെ പിന്‍വാതില്‍ നിയമനം അനുവദിക്കരുതെന്നാവശ്യപ്പെട്ട് പി എസ് സി ഹൈക്കോടതിയില്‍ വിശദീകരണം നല്‍കുകയും ചെയ്തിരുന്നു.
അതേസമയം കെ എസ് ആര്‍ ടി സി മാനേജ്മെന്‍റിനെതിരെ ഹൈക്കോടതി വിമര്‍ശനമുന്നയിച്ചിരുന്നു. കെ എസ് ആര്‍ ടി സി ആരെയാണ് പേടിക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. താൽകാലിക കണ്ടക്ടമാരെ പിരിച്ച് വിട്ടതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് കെഎസ്ആർടിസി മാനേജ്മെന്റിനെതിരെ ഹൈക്കോടതിയുടെ പരാമർശം. പ്രതിദിനം 480 പ്രതിഫലം നൽകി താൽകാലിക ജീവനക്കാരെ കെ എസ് ആര്‍ ടി സി പണിയെടുപ്പിച്ചത് ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
കെ എസ് ആര്‍ ടി സി മാനേജമെന്റിന്റെ നടപടി സുപ്രീംകോടതി വിധികൾക്ക് എതിരാണ്. താൽകാലിക കണ്ടക്ടർമാരെ മാറ്റി നിർത്തിയിട്ടും കെ എസ് ആര്‍ ടി സി സുഗമമായി പ്രവർത്തിക്കുന്നില്ലേയെന്നും കോടതി ആരാഞ്ഞു. വലിയ വരുമാനം ഉണ്ടായെന്നും ഇനി വരുന്ന ഒഴിവുകൾ പി എസ് സിയെ അറിയിക്കുമെന്നും കെ എസ് ആർ ടി സി മറുപടി നൽകി.
ഒരു ബസിന് അഞ്ച് എന്ന അനുപാതത്തിൽ കണ്ടക്ടർമാർ ഉണ്ടെന്ന് കെ എസ് ആർ ടി സി അറിയിച്ചപ്പോഴാണ് കണക്കിൽ സുകാര്യത വേണമെന്നും നിങ്ങൾ ആരെയാണ് ഭയപ്പെടുന്നതെന്നും ഹൈക്കോടതി ചോദിച്ചത്. പത്തുവർഷം ജോലി ചെയ്തശേഷവും പ്രതികാര ബുദ്ധിയോടെയാണ് മാനേജ്മെന്‍റ് പെരുമാറുന്നതെന്ന് താൽകാലിക കണ്ടക്ടർമാർ കോടതിയെ അറിയിച്ചു. നഷ്ടപരിഹാരം ആവശ്യമെങ്കിൽ തൊഴിൽ നഷ്ടപ്പെട്ടവർക്ക് ട്രൈബ്യൂണലിനെ സമീപിക്കാമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam