കോന്നി മെഡിക്കൽ കോളേജില്‍ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റി

By Web TeamFirst Published Dec 30, 2018, 7:49 AM IST
Highlights

നിർദ്ദിഷ്ട കോന്നി മെഡിക്കൽ കോളേജിൽ നിയമിച്ച ഡോക്ടർമാരടക്കമുള്ള ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റി.

 

പത്തനംതിട്ട: നിർദ്ദിഷ്ട കോന്നി മെഡിക്കൽ കോളേജിൽ നിയമിച്ച ഡോക്ടർമാരടക്കമുള്ള ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റി. മെഡിക്കൽ കോളേജിന്‍റെ നിർമ്മാണ പ്രവർത്തനം 80 ശതമാനത്തിലധികം പൂർത്തീകരിച്ചപ്പോൾ ജീവനക്കാരെ മാറ്റിയതിൽ ദുരൂഹതയുണ്ടെന്ന് കോന്നി എംഎൽഎ ആരോപിച്ചു.

അഞ്ച് ദിവസം മുൻപാണ് കോന്നി മെഡിക്കൽ കോളേജിലെ ജീവനക്കാരെ കൂട്ടത്തോടെ മാറ്റികൊണ്ട് മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടറുടെ ഉത്തരവിറങ്ങിയത്. നിലവിലെ പ്രിൻസിപ്പൽ അടക്കം 13 പേരെയാണ് മറ്റ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുന്നത്. മൂന്ന് പേരെ കോന്നി മെഡിക്കൽ ജോളേജിന്‍റെ തിരുവനന്തപുരത്തെ താത്കാലിക ഓഫീസിലേക്കാണ് മാറ്റിയിട്ടുള്ളത്. മൂന്ന് വർഷമായി ജീവനക്കാർ ഇവിടെ ജോലി ചെയ്തുവരികയായിരുന്നു. പ്രിൻസിപ്പൽ ഒഴികെയുള്ള പോസ്റ്റുകളിലേക്ക് പകരം ആരെയും നിയമിച്ചിട്ടുമില്ല. നടപടിയിൽ ദുരൂഹതയുണ്ടെന്ന് കോന്നി എംഎൽഎ അടൂർ പ്രകാശ് പറഞ്ഞു.

നിർമ്മാണം മാർച്ചോടെ പൂർത്തീകരിച്ച് അടുത്ത അധ്യായന വർഷം മുതൽ കോന്നി മെഡിക്കൽ കോളേജ് പ്രവർത്തനം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. മെഡിക്കൽ കോളേജിനായി 150 കോടിയിലധികം രൂപ ഇതിനകം ചിലവഴിച്ചിട്ടുണ്ട്. അക്കാദമി ബ്ലോക്ക് ഉൾപ്പെടെ കെട്ടിട നിർമ്മാണവും പൂർത്തീകരിച്ചിട്ടുണ്ട്. 50 ഏക്കർ സ്ഥലമാണ് കോളേജിനായി ഏറ്റെടുത്തിരുന്നത്. 


 

click me!