ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുന്നത് തടഞ്ഞ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകി. 2570 ഏക്കർ ഭൂമി ഏറ്റെടുക്കുന്നത് അനാവശ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു

കൊച്ചി: ശബരിമല വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാനുളള വിജ്ഞാപനം തട‍ഞ്ഞ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ അപ്പീൽ നൽകി. ഭൂമി ഏറ്റെടുക്കൽ തടഞ്ഞുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് ആപ്പീൽ നൽകിയത്. 2570 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനായിരുന്നു സർക്കാർ വിജ്ഞാപനം ഇറക്കിയത്. ഇതാണ് സിംഗിൾ ബെഞ്ച് തടഞ്ഞത്. ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റും സമീപ പ്രദേശങ്ങളും ഏറ്റെടുക്കുന്നതിനായി സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനങ്ങളും അനുബന്ധ റിപ്പോർട്ടുകളും ഇക്കഴിഞ്ഞ ഡിസംബർ മാസത്തിലാണ് കേരള ഹൈക്കോടതി തടഞ്ഞത്. വിമാനത്താവളത്തിനായി 2570 ഏക്കർ ഭൂമി ഏറ്റെടുക്കുന്നത് അത്യാവശ്യമാണോ എന്ന് ശാസ്ത്രീയമായി തെളിയിക്കാൻ സർക്കാരിന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇത് ചോദ്യം ചെയ്താണ് അപ്പീലുമായി സർക്കാർ ഇപ്പോൾ ഹൈക്കോടതിയിലെത്തിയിരിക്കുന്നത്.

വിശദ വിവരങ്ങൾ

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് വലിയ വിമാനങ്ങൾ ഇറങ്ങുന്ന വിമാനത്താവളങ്ങൾക്ക് പോലും 1200 ഏക്കർ മതിയാകും എന്നടക്കം നിരീക്ഷിച്ചുകൊണ്ടാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് സർക്കാർ വിജ്‍ഞാപനം റദ്ദാക്കിയത്. 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ഒരു പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ അത് ആ പദ്ധതിക്ക് ആവശ്യമുള്ള ഏറ്റവും കുറഞ്ഞ അളവ് മാത്രമായിരിക്കണം. എന്നാൽ ഈ കേസിൽ ഇത്രയധികം ഭൂമി എന്തിനാണ് ഏറ്റെടുക്കുന്നതെന്ന് വ്യക്തമാക്കുന്നതിൽ സോഷ്യൽ ഇംപാക്ട് അസസ്‌മെന്റ് യൂണിറ്റും, എക്സ്പെർട്ട് കമ്മിറ്റിയും, സർക്കാരും പരാജയപ്പെട്ടെന്നും സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. ഭാവി വികസനത്തിനായി ഇത്രയും ഭൂമി വേണം എന്ന സർക്കാരിന്റെ വാദവും കോടതി തള്ളിയിരുന്നു. എന്തൊക്കെ വികസനമാണ് ഉദ്ദേശിക്കുന്നതെന്നോ അതിന് എത്ര ഭൂമി വേണമെന്നോ റിപ്പോർട്ടുകളിൽ കൃത്യമായി പറഞ്ഞിട്ടില്ല.​ പദ്ധതിക്ക് ആവശ്യമായ ഭൂമിയുടെ കൃത്യമായ അളവ് നിർണ്ണയിക്കാൻ പുതിയ സോഷ്യൽ ഇംപാക്ട് അസസ്‌മെന്റ് നടത്തണമെന്നടക്കം കോടതി നിര്‍ദേശിച്ചിരുന്നു. പ്രക്ഷോഭങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളും കാരണം ആറന്മുളയിലെ വിമാനത്താവള പദ്ധതി നിലച്ചതോടെയാണ് ശബരിമല വിമാനത്താവളത്തിനുള്ള നീക്കം സര്‍ക്കാര്‍ തുടങ്ങിയത്. ഇടത് സർക്കാരിന്‍റെ സ്വപ്ന പദ്ധതിയെന്നാണ് ശബരിമല വിമാനത്താവളം വിശേഷിപ്പിക്കപ്പെടുന്നത്. എന്തായാലും ഹൈക്കോടതിയിലെ അപ്പീലിലൂടെ സർക്കാ‍ർ പരിശ്രമം തുടരുമെന്ന പ്രഖ്യാപനം കൂടിയാണ് നടത്തിയിരിക്കുന്നത്.