
ഹവാന: സര്‍ക്കാരിന് കീഴില്‍ വരുന്ന സ്റ്റോറില്‍ നിന്ന് 15,000 ആപ്പിള്‍ ഒരാള്‍ക്ക് വിറ്റതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ വെട്ടിലായി. ഭക്ഷ്യസാധനങ്ങള്‍ക്ക് ക്ഷാമം നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആപ്പിള്‍ ഒറ്റയടിക്ക് വിറ്റഴിച്ചതിന് ശിക്ഷയായി എട്ട് ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയാണ് ചെയ്തത്.
ഹവാനയിലുള്ള ഒരു സൂപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം നടന്നത്. സര്‍ക്കാരിന് കീഴിലുള്ള സ്റ്റോറാണെങ്കിലും സാധനങ്ങള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്തുള്ള നിയമങ്ങള്‍ സ്റ്റോറിനും ബാധകമായിരുന്നു. ഇത് ഭേദിച്ചുകൊണ്ടാണ് ജീവനക്കാര്‍ ഒരാള്‍ക്ക് ആപ്പിള്‍ മുഴുവന്‍ വിറ്റത്. സാധനങ്ങള്‍ വാങ്ങാനെത്തിയ ഒരു മാധ്യമപ്രവര്‍ത്തകനാണ്, നേരില്‍ക്കണ്ടതിനെ തുടര്‍ന്ന് സംഭവം വാര്‍ത്തയാക്കിയത്.
വിലയില്‍ വിട്ടുവീഴ്ച ചെയ്ത് വലിയ അളവില്‍ സാധനങ്ങള്‍ ഒരാള്‍ക്ക് വില്‍ക്കുന്നത് ക്യൂബയില്‍ പല കേന്ദ്രങ്ങളിലും വ്യാപകമാണെന്നാണ് പരാതി. ഇത് വാങ്ങിക്കുന്നവര്‍ ഇവ ചെറിയ അളവുകളാക്കി വിലയിലും മാറ്റം വരുത്തി മറ്റിടങ്ങളില്‍ കൊണ്ടുപോയി വില്‍ക്കും. ഇതോടെ അവശ്യസാധനങ്ങള്‍ പലയിടത്തും കിട്ടാത്ത സാഹചര്യം വരുന്നു.
11 മില്ല്യണ്‍ ജനങ്ങള്‍ ജീവിക്കുന്ന ക്യൂബയില്‍ മിക്ക ഭക്ഷണ സാധനങ്ങളും ഇറക്കുമതി ചെയ്താണ് വിപണിയിലെത്തിക്കുന്നത്. സമീപകാലത്ത് രാജ്യത്ത് പലയിടങ്ങളിലും അവശ്യസാധനങ്ങള്‍ക്ക് ക്ഷാമമുള്ളതായി റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇതിനിടെയാണ് ഹവാനയില്‍ കള്ളക്കച്ചവടം പുറത്തായിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam