'ഞാൻ കൊല്ലപ്പെട്ടേക്കാം, അല്ലെങ്കിൽ ഞാൻ അറസ്റ്റിലായേക്കാം, എന്നെ ജയിലിലടയ്ക്കാം. എന്റെ വിധി എന്താണെന്ന് എനിക്ക് പൂർണബോധ്യമുണ്ട്. പക്ഷേ, എനിക്ക് എന്റെ രാജ്യത്തേക്ക് മടങ്ങണം. കാരണം ജനങ്ങൾ എന്നെ വിളിക്കുന്നുണ്ട്', ഷെയ്ഖ് ഹസീന പറഞ്ഞു.

ധാക്ക: ബം​ഗ്ലാദേശിൽ കാലുകുത്തിയാലുടൻ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അറസ്റ്റ് ചെയ്യുമെന്ന് ബം​ഗ്ലാദേശ് നിയമവകുപ്പ് മന്ത്രി എം അസദുസ്സമാൻ. ഡിസംബറിനുള്ളിൽ ബം​ഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഷെയ്ഖ് ഹസീന കഴിഞ്ഞദിവസം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ബം​ഗ്ലാദേശ് മന്ത്രി ഹസീനയെ അറസ്റ്റ് ചെയ്യുമെന്ന് പ്രഖ്യാപിച്ചത്.

ജീവൻ അപകടത്തിലാകുമെന്ന് ഭയമുണ്ടെങ്കിലും വരുന്ന ഡിസംബറിനുള്ളിൽ ബം​ഗ്ലാദേശിലേക്ക് മടങ്ങുമെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പിയോട് ഷെയ്ഖ് ഹസീന കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. 'ഞാൻ കൊല്ലപ്പെട്ടേക്കാം, അല്ലെങ്കിൽ ഞാൻ അറസ്റ്റിലായേക്കാം, എന്നെ ജയിലിലടയ്ക്കാം. എന്റെ വിധി എന്താണെന്ന് എനിക്ക് പൂർണബോധ്യമുണ്ട്. പക്ഷേ, എനിക്ക് എന്റെ രാജ്യത്തേക്ക് മടങ്ങണം. കാരണം ജനങ്ങൾ എന്നെ വിളിക്കുന്നുണ്ട്', ഷെയ്ഖ് ഹസീന പറഞ്ഞു.

അതേസമയം, ഷെയ്ഖ് ഹസീന ബം​ഗ്ലാദേശിൽ എത്തുന്ന നിമിഷം അവരെ അറസ്റ്റ് ചെയ്യുമെന്നാണ് മന്ത്രിയായ അസദുസ്സമാന്റെ നിലപാട്. അവർക്ക് തിരികെ വരാൻ അവകാശമുണ്ട്. പക്ഷേ, നിയമം നിയമത്തിന്റെ വഴിക്ക് പോകും. നിയമത്തെ ലംഘിച്ച് ഒന്നും ചെയ്യാനാകില്ല. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബം​ഗ്ലാദേശി പൗരയാണ് അവർ. ഇനി നിയമത്തെ മാനിച്ച് നാട്ടിൽ തിരിച്ചെത്തി കീഴടങ്ങാനാണ് ഉദ്ദേശിക്കുന്നതെങ്കിലും അതിനുമുൻപേ അവരെ ഞങ്ങൾ അറസ്റ്റ് ചെയ്യും. അവർ എപ്പോൾ രാജ്യത്ത് പ്രവേശിക്കുന്നുവോ ആ സമയം നിയമം ഞങ്ങൾക്ക് നൽകിയിട്ടുള്ള അധികാരം ഞങ്ങൾ പ്രയോ​ഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

2024-ലെ വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് ഭരണം നഷ്ടമായതിന് പിന്നാലെയാണ് ഷെയ്ഖ് ഹസീന ബം​ഗ്ലാദേശിൽനിന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്തത്. വിദ്യാർഥി പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങളുടെ പേരിൽ 2025-ൽ ഷെയ്ഖ് ഹസീനയ്ക്ക് ബം​ഗ്ലാദേശിലെ അന്താരാഷ്ട്ര ക്രൈം ട്രിബ്യൂണൽ വധശിക്ഷയും വിധിച്ചിരുന്നു.