
തിരുവനന്തപുരം: കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതർ ഇന്ന് സെക്രട്ടേറിയേറ്റിന് മുന്നിൽ അനിശ്ചിതകാല പട്ടിണിസമരം തുടങ്ങും. പരമാവധി സഹായം നൽകിയെന്നും സമരത്തിൽ നിന്ന് പിൻമാറണമെന്നും ആവശ്യപ്പെട്ട് ഇന്നലെ വൈകിട്ട് റവന്യൂ വകുപ്പ് വാർത്താക്കുറിപ്പിറക്കി.
എൻഡോസൾഫാൻ ബാധിതരായ എട്ടുകുട്ടികളും അവരുടെ രക്ഷിതാക്കളും അടക്കം മുപ്പതംഗ സംഘമാണ് തലസ്ഥാനത്ത് സമരം തുടങ്ങുന്നത്. അധികാരികളുടെ കണ്ണ് തുറക്കും വരെ പട്ടിണി സമരമെന്നാണ് നിലപാട്. പ്രമുഖ സാമൂഹ്യ പ്രവർത്തക ദയാബായിയാണ് അനിശ്ചിതകാല നിരാഹാരമിരിക്കുന്നത്.
ഒരു വർഷംമുൻപ് ഇതുപോലെ കാസർകോടുനിന്നെത്തിയ ദുരിതബാധിതർ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്തിരുന്നു. അന്ന് നൽകിയ വാഗ്ദാനങ്ങൾ പൂർണമായി നടപ്പായില്ലെന്ന് സമര സമിതി ആരോപിക്കുന്നു.മുഴുവൻ ദുതിതബാധിതരേയും സർക്കാർ ലിസ്റ്റിൽ ഉൾപ്പെടുത്തുക, സുപ്രീം കോടതി വിധി പ്രകാരമുള്ള ധനസഹായം എല്ലാവർക്കും നൽകുക, കടങ്ങൾ എഴുതി തള്ളുക, പുനരധിവാസ ഗ്രാമം പദ്ധതി യാഥാർത്ഥ്യമാക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.
അതേസമയം സർക്കാർ കണക്കിലുള്ള 6212 ദുരിത ബാധിതർക്കും ധനസഹായമായി ഇതുവരെ 184 കോടി രൂപ ചെലവഴിച്ചെന്ന് വ്യക്തമാക്കി റവന്യൂ വകുപ്പ് വാർത്താക്കുറിപ്പ് ഇറക്കി. സുപ്രീം കോടതി വിധി പ്രകാരം ധനസഹായത്തിന്‍റെ മൂന്ന് ഗഡുക്കളും നൽകി. ഈ സാഹചര്യത്തിൽ സമരത്തിൽ നിന്ന് പിൻമാറണമെന്ന് സർക്കാർ ആവശ്യപ്പെടുന്നു. രാവിലെ 9 മണിക്ക് കവയിത്രി സുഗതകുമാരി ടീച്ചറാണ് സമരം ഉദ്ഘാടനം ചെയ്യുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam