ഹോണടിച്ചതിന് എഞ്ചിനീയറുടെ കൈ തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍: അഭിഭാഷകന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

By Web DeskFirst Published Oct 15, 2017, 8:12 PM IST
Highlights

തൃശൂര്‍: ഹോണ്‍ മുഴക്കിയതിന് തൃശൂരില്‍ യുവ എഞ്ചിനീയറുടെ കൈ തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസിലെ മുഖ്യപ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒളിവിലായിരുന്ന അഭിഭാഷകന്‍ വിആര്‍ ജ്യോതിഷാണ് തൃശൂര്‍ ഈസ്റ്റ്  പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. പ്രതിയെ ചോദ്യം ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടു.

കഴിഞ്ഞ മാസമാണ് തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡിന് സമീപമുള്ള ഷോപ്പിങ് മാളിലെ പാര്‍ക്കിങ്ങില്‍ ഹോണ്‍ മുഴക്കിയതിനെത്തുടര്‍ന്ന് യുവ എഞ്ചിനീയര്‍ ഗിരീഷ് കുമാറും അഭിഭാഷകന്‍ ജ്യോതിഷും തമ്മില്‍ തര്‍ക്കമുണ്ടായത്. പിന്നീട് രണ്ട് ഗുണ്ടകള്‍ ഗിരീഷിനെ പിന്തുടര്‍ന്ന് കൈ തല്ലിയൊടിക്കുകയായിരുന്നു. 

ഗിരീഷ് കുമാറിനെ ആക്രമിക്കാന്‍ അഭിഭാഷകന്‍ പതിനായിരം രൂപ പ്രതികള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയതാണെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തെത്തുടര്‍ന്ന് ഒളിവിലായിരുന്ന പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ സ്റ്റേഷനില്‍ കീഴടങ്ങിയത്.

പ്രേരണ, ഗൂഢാലോചന കുറ്റങ്ങള്‍ ചുമത്തി ജ്യോതിഷിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.സംഭവത്തില്‍ പങ്കില്ലെന്ന് ജ്യോതിഷ് പൊലീസിനോട് പറഞ്ഞു. 25000 രൂപയുടെ ബോണ്ട് കെട്ടിവച്ച് ജ്യോതിഷിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. 

ഗിരീഷിനെ ആക്രമിച്ച സാബു, അജീഷ് എന്നിവര്‍  സംഭവത്തില്‍ അഭിഭാഷകന്റെ പങ്ക് സമ്മതിച്ചിരുന്നു. സാക്ഷി മൊഴികളുടെയും ഫോണ്‍ രേഖകളുടെ പശ്ചാത്തലത്തില്‍ അഭിഭാഷകന്‍ തന്നെയാണ് ആക്രമത്തിന് പിന്നിലെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു.അന്വേഷണം പൂര്‍ത്തിയായെന്നും കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും പൊലീസ് അറിയിച്ചു.
 

click me!