നീട്ടി ഹോണടിച്ചതിന്‌ അഭിഭാഷകന്‍റെ ക്വട്ടേഷന്‍: എഞ്ചിനിയറുടെ കൈ തല്ലിയൊടിച്ചു

By web deskFirst Published Sep 8, 2017, 2:34 PM IST
Highlights

തൃശ്ശൂര്‍: ഹോണടിച്ച്‌ ശല്യപ്പെടുത്തിയെന്ന്‌ ആരോപിച്ച്‌ എഞ്ചിനിയറുടെ കൈതല്ലിയൊടിച്ചു. സംഭവത്തില്‍ രണ്ടുപേര്‍ പോലീസ്‌ പിടിയിലായി. ഗുണ്ടകളായ വലക്കാവ്‌ മാഞ്ഞാമറ്റത്തില്‍ സാബു(27), കേച്ചേരി പാറന്നൂര്‍ കപ്ലേങ്ങാട്‌ അജീഷ്‌(30) എന്നിവരെയാണ്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. നഗരത്തിലെ പ്രമുഖ അഭിഭാഷകന്റെ കാറിന്‌ പിന്നിലെത്തി ഹോണ്‍ നീട്ടിയടിച്ചത്‌ ഇഷ്ടപ്പെടാതിരുന്നതിന്റെ പേരില്‍ ഗുണ്ടകള്‍ക്ക്‌ അഭിഭാഷകന്‍ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. ഇക്കാര്യം പ്രതികള്‍ പോലീസിന്‌ മൊഴിനല്‍കി.

കയ്യില്‍ രണ്ടിടത്ത്‌ ഒടിവുകളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച എഞ്ചിനിയറെ അടിയന്തര ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയമാക്കി. ഞായറാഴ്‌ച്ചയായിരുന്നു സംഭവം. കൂര്‍ക്കഞ്ചേരിയിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന പുളിക്കത്തറ ഗിരീഷ്‌കുമാറിനെയാണ്‌ ആക്രമിച്ചത്‌. ശക്തന്‍ നഗറിന്‌ സമീപത്തെ മാളില്‍ ഷോപ്പിങ്‌ നടത്തിയശേഷം ഗിരീഷ്‌ കുമാര്‍ കാറില്‍ നിന്ന്‌ പുറത്തേക്ക്‌ പോകാന്‍ ശ്രമിക്കുകയായിരുന്നു. ക്രിമിനല്‍ കേസ്‌ അഭിഭാഷകന്റെ കാര്‍ ഗിരീഷിന്റെ കാറിന്‌ മാര്‍ഗ്ഗ തടസ്സമുണ്ടാക്കുകയായിരുന്നു.

ഇതേസമയം വഴി കണ്ടെത്താനായി ഗിരീഷ്‌ നീട്ടി ഹോണടിച്ചത്‌ അഭിഭാഷകനെ ചൊടിപ്പിച്ചു. ഇതേ തുടര്‍ന്ന്‌ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. സംഭവത്തിന്‌ ശേഷം ഫ്‌ളാറ്റിലേക്ക്‌ പോയ ഗിരീഷിന്റെ കാര്‍ പിന്തുടര്‍ന്ന്‌ സാബുവും അജീഷും മറ്റൊരു കാറിലെത്തി. ഫ്‌ളാറ്റിന്റെ കാര്‍ പാര്‍ക്ക്‌ ചെയ്യുന്ന ഭാഗത്ത്‌ ഗിരീഷിനെ തടഞ്ഞു നിര്‍ത്തി ഇരുമ്പുകമ്പി ഉപയോഗിച്ച്‌ കൈതല്ലിയൊടിക്കുകയായിരുന്നു.

സിസി തവണ മുടങ്ങിയ വാഹനങ്ങള്‍ സ്വകാര്യ ഫിനാന്‍സ്‌ സ്ഥാപനത്തിന്‌ വേണ്ടി പിടിച്ചെടുക്കുന്ന സംഘത്തില്‍പ്പെട്ടവരാണ്‌ ഇരുവരും. കൊലപാതക ശ്രമമടക്കമുള്ള പത്തോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്‌ സാബു. ഈസ്റ്റ്‌ എസ്‌ ഐ എം.ജെ. ജിജോയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ അറസ്‌റ്റ് ചെയ്‌തത്‌.

click me!