
ആലപ്പുഴ: എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ആലപ്പുഴയില്‍ നടത്തിയ റെയ്ഡില്‍ രണ്ട് ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ 200 ഗ്രാം ഓളം കഞ്ചാവുമായി ഒന്‍പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സക്കറിയ ബസാറില്‍ കഞ്ചാവ് വിതരണം ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരു മാസക്കാലമായി ഈ സ്ഥലം ഷാഡോ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.
കഞ്ചാവ് കൈമാറ്റം നടക്കുന്നുവെന്ന വിവരം അറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ രഹസ്യനീക്കത്തില്‍ സക്കറിയ ബസാറിനു സമീപം ബുള്ളറ്റില്‍ കഞ്ചാവുമായി എത്തിയ ആലപ്പുഴ റെയില്‍വേ സ്റ്റേഷന്‍ വാര്‍ഡില്‍ ഇലാഹിയ ഹോംസ് അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന ഷിഫാസ് (19), ലജനത്ത് വാര്‍ഡിലെ തൈപ്പറമ്പില്‍ ആഷിഖ് (21) എന്നിവരെ ആദ്യം പിടികൂടി. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ന്നുള്ള പ്രതികളും അറസ്റ്റിലാകുന്നത്. ഫറൂക്ക് എന്നയാള്‍ താമസിച്ചുവന്നിരുന്ന ആലപ്പുഴ സക്കറിയ ബസാറിലെ ഡച്ച് മന്‍സില്‍ വീട്ടില്‍ നിന്നുമാണ് അഞ്ച് പേരെ പിടികൂടിയത്. ഇവരുടെ കയ്യില്‍ നിന്നും 120 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.
കഞ്ചാവ് അന്‍പതോളം ചെറിയ ബഡ് കവറുകളിലാക്കി പാക്ക് ചെയ്ത് വലിയ ബാക്ക് പാക്ക് ബാഗിലാണ് സൂക്ഷിച്ചിരുന്നത്. അഞ്ഞൂറോളം കഞ്ചാവ് ബീഡികള്‍ വലിക്കാന്‍ ഉപയോഗിക്കാവുന്ന ഒസിബി പേപ്പര്‍ പാക്കുകള്‍, രണ്ട് ചാക്കുകെട്ടുകള്‍ നിറയെ ഉപയോഗിച്ച ബീഡി, സിഗരറ്റ് അവശിഷ്ടങ്ങള്‍ എന്നിവയും വീട്ടില്‍ നിന്നും കണ്ടെടുത്തു. ഇവിടെ കഴിഞ്ഞ കുറേ ദിവസങ്ങളായി ആള്‍ത്താമസമില്ലായിരുന്നു. എന്നാല്‍, രാത്രി കാലങ്ങളില്‍ ഇവിടെ ആളുകള്‍ വന്നു പോകുന്നതായി വിവരം ലഭിച്ചിരുന്നു. ഫറൂക്കാണ് സംഘത്തിലെ പ്രധാനി. ഫറൂക്ക് തമിഴ്‌നാട്ടിലെ സേലം, കമ്പം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഒരു കിലോയ്ക്ക് ഏകദേശം പതിമൂവായ്യിരം രൂപയോളം നല്‍കി ഒരു കിലോ, അരക്കിലോ പാക്കറ്റുകളില്‍ നിരവധി തവണകളായി നാട്ടില്‍ എത്തിച്ച് അഞ്ച് ഗ്രാം മുതല്‍ അന്‍പത് ഗ്രാം വരെയുള്ള ചെറിയ പാക്കറ്റുകളാക്കി അഞ്ഞൂറു രൂപ മുതല്‍ രണ്ടായിരം രൂപ വരെയുള്ള നിരക്കിലാണ് വില്‍പ്പന നടത്തിയിരുന്നത്.
ഫറൂക്കിന്റെ ബൈക്കില്‍ നിന്നും കഞ്ചാവ് പിടികൂടി ബൈക്കും കസ്റ്റഡിയിലെടുത്തു. തുടര്‍ന്നുള്ള പരിശോധനയില്‍ ഫറൂക്കിന്റെ കയ്യില്‍ നിന്നും കഞ്ചാവ് വാങ്ങിയ ആലപ്പുഴ ലജനത്ത് വാര്‍ഡില്‍ നവറോജി പുരയിടം വീട്ടില്‍ നിജാസ് (19), അവലൂക്കുന്ന് ആനന്ദ് വീട്ടില്‍ അനൂപ് (21), കൈനകരി പന്തപ്പള്ളി വീട്ടില്‍ ഷിബിന്‍ ജോസഫ് (20) എന്നിവരെ പിന്നീട് പിടികൂടി കേസ്സെടുത്തു. പിടിക്കപ്പെട്ടവരില്‍ ആഷിഖ് എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയും ഷിബിന്‍ ജോസഫ് വിദേശത്ത് രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയുമാണ്. റഷ്യന്‍ റിപ്പബ്ലിക്ക് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ പഠിക്കുന്ന എഞ്ചിനീയറിംഗ്, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവിന്റെ ഉപയോഗമുണ്ടെന്ന് ചോദ്യം ചെയ്തതില്‍ മനസ്സിലാക്കിയതായും എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ഫറൂക്കില്‍ നിന്നും കഞ്ചാവ് വാങ്ങിയ കൂടുതല്‍ മെഡിക്കല്‍, എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam