
ഗുവാഹത്തി: എന്‍ജിനിയറിംഗ് പഠനം താങ്ങാനാകാതെ ഗുവാഹത്തി ഐഐടി വിദ്യാര്‍ഥിനി ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തു. എന്‍ജിനിയറിംഗ് പഠനത്തിലുണ്ടായ നെെരാശ്യമാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് അറിയിച്ചു.
ഐഐടിയിലെ ഒന്നാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനിയായ നാഗശ്രീ(18)യെ ആണ് ക്യാമ്പസിലുള്ള ധനശ്രീ ഹോസ്റ്റലിലെ മുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. കര്‍ണാടകയിലെ ശിമോഗയ്ക്ക് സമീപമുള്ള ഹോസാന്‍ഗാര സ്വദേശിനിയാണ് നാഗശ്രീ.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. നാഗശ്രീയുടെ റൂമില്‍ താമസിക്കുന്ന വിദ്യാര്‍ഥിനി ക്ലാസില്‍ പോയിരിക്കുകയായിരുന്നു. തിരിച്ചെത്തിയപ്പോള്‍ മുറിയുടെ വാതില്‍ അകത്ത് നിന്ന് കുറ്റിയിട്ടിരുന്നു.
ഒരുപാട് തവണ വാതില്‍ മുട്ടിയിട്ടും തുറക്കാതിരുന്നതിനാല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. ഇതും നടക്കാതായതോടെ സെക്യരിറ്റിയെ വിവരം അറിയിച്ചു. തുടര്‍ന്ന് അവര്‍ വിവരം അറിയിച്ചതനുസരിച്ച് ലോക്കല്‍ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു.
വാതില്‍ തുറന്നപ്പോള്‍ ഫാനില്‍ തൂങ്ങിയ നിലയിലുള്ള നാഗശ്രീയെയാണ് കണ്ടത്. മുറിയില്‍ നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെത്തി. എന്‍ജിനിയറിംഗ് പഠിക്കേണ്ടി വന്നതില്‍ കുട്ടി നിരാശയിലായിരുന്നു. തന്‍റെ മാതാപിതാക്കളുടെ പ്രതീക്ഷകള്‍ക്ക് ഒപ്പം ഉയരാന്‍ തനിക്ക് സാധിക്കില്ലെന്നും ആത്മഹത്യ കുറിപ്പില്‍ എഴുതിയിട്ടുണ്ടെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് സഞ്ജിബ് സെെക്കിയ പറഞ്ഞു.
ഐഐടിയില്‍ ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയായ നാഗശ്രീ കോഴ്സിന് ചേര്‍ന്നിട്ട് ഒന്നര മാസം ആകുന്നേയുണ്ടായിരുന്നുള്ളൂ. ആദ്യവര്‍ഷ വിദ്യാര്‍ഥികള്‍ക്കുള്ള കൗണ്‍സിലിംഗിന് കുട്ടി വിധേയയാപ്പോള്‍ പ്രശ്നങ്ങള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് ഐഐടി അധികൃതര്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam