
മോസ്‌കോ: ലോകകപ്പ് സെമിയില്‍ ക്രൊയേഷ്യക്കെതിരെ ഇറങ്ങുന്ന ഇംഗ്ലണ്ടിന് വ്യക്തമായ മുന്‍തൂക്കമുണ്ട്. രാജ്യാന്തര മത്സരങ്ങളുടെ ചരിത്രം നോക്കിയാൽ ക്രൊയേഷ്യയ്ക്കെതിരെ മികച്ച റെക്കോര്‍ഡാണ് ഇംഗ്ലണ്ടിനുള്ളത്. രണ്ടു തവണ മാത്രമാണ് ക്രൊയേഷ്യയോട് ഇംഗ്ലണ്ട് തോറ്റത്. എന്നാല്‍ ഇംഗ്ലണ്ടിനെ വെള്ളം കുടിപ്പിച്ച കഥ ക്രൊയേഷ്യക്കും പറയാനുണ്ട്.
2008 യൂറോ കപ്പിന് യോഗ്യത നേടാനാകാതെ ഇംഗ്ലണ്ട് സ്തബ്ധമായ രാത്രി. ഡഗൗട്ടിൽ കുടചൂടി നിന്ന് കളികാണുന്ന പരിശീലകന്‍ സ്റ്റീവ് മക്ലാരന്‍. യോഗ്യത നേടാന്‍ വെബ്ലിയിൽ ഇംഗ്ലണ്ടിന് അന്ന് ഒരു സമനില മതിയായിരുന്നു. പക്ഷേ 3-2ന് ക്രൊയേഷ്യയോട് തോറ്റ് ചരിത്രത്തിലെ വലിയ നാണക്കേടിലൊന്ന് ഏറ്റുവാങ്ങി ബെക്കാമും, ജെറാഡും ഉൾപ്പെട്ട പ്രഗൽഭമായ ഇംഗ്ലീഷ് പട.
ലുഷ്നിക്കിയിൽ സെമി ഫൈനലിനിറങ്ങുമ്പോൾ ഇംഗ്ലണ്ട് മറക്കാനാഗ്രഹിക്കുന്നതും ക്രൊയേഷ്യ നെഞ്ചിലേറ്റുന്നതും ആ രാത്രിയുടെ ഓര്‍മ്മയാണ്. ഇംഗ്ലണ്ടിനെതിരെ ക്രൊയേഷ്യ നേടിയ രണ്ട് വിജയങ്ങളിൽ അവസാനത്തെതായിരുന്നു ഇത്. പിന്നീട് രണ്ട് തവണ കൂടി ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നു. എന്നാല്‍ 2010 ലോകകപ്പിന്‍റെ യോഗ്യതാ റൗണ്ടില്‍ വമ്പന്‍ വിജയമാഘോഷിച്ച് ഇംഗ്ലണ്ട് പക വീട്ടി.
1996ലാണ് ഇരുടീമുകളും ആദ്യമായി ഏറ്റുമുട്ടുന്നത്. ഫലം ഗോൾരഹിത സമനില. ആകെ ഏഴ് തവണ മുഖാമുഖം വന്നപ്പോൾ നാലിലും ജയിച്ചത് ഇംഗ്ലണ്ടായിരുന്നു. ലോകകപ്പിൽ ആദ്യ നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങുന്ന ഇംഗ്ലണ്ടും ക്രൊയേഷ്യയും ഒമ്പത് വര്‍ഷത്തിന് ശേഷമാണ് പരസ്‌പരം മത്സരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam