
ലണ്ടന്‍: കാത്തിരിപ്പുകള്‍ക്ക് പൂര്‍ണതയുണ്ടാകുന്നെങ്കില്‍, അത് ഇങ്ങനെ വേണം. അത്രമാത്രം വേദനകളും പരിഹാസങ്ങളും ഇംഗ്ലണ്ട് സഹിച്ചിട്ടുണ്ട്. വലിയ താരനിരയുമായി വന്ന് ലോകകപ്പില്‍ പൊട്ടിത്തകര്‍ന്ന് പോകാന്‍ മാത്രം വിധിക്കപ്പെട്ടവരെന്ന പരിഹാസം എന്നും ഉയര്‍ന്നു നിന്നു.
ബെക്കാമിനും ലംപാര്‍ഡിനും ജെറാദിനും റൂണിക്കുമൊന്നും ആ ദുരവസ്ഥയില്‍ നിന്ന് ഇംഗ്ലീഷ് പടയെ രക്ഷിച്ചെടുക്കാനായില്ല. ഗാരത് സൗത്ത്ഗേറ്റ് എന്ന ആശാന്‍റെ കീഴില്‍ യുവനിരയുടെ കരുത്തുമായി ഹാരി കെയ്നും സംഘവും റഷ്യയില്‍ എത്തിയപ്പോള്‍ ക്വാര്‍ട്ടറിനപ്പുറം ഈ ടീം മുന്നോട്ട് പോവില്ലെന്ന വിലയിരുത്തലുകളാണ് ആദ്യ തന്നെയുണ്ടായത്.
പക്ഷേ, നിശ്ചയദാര്‍ഡ്യവും പോരാട്ട വീര്യവും കളത്തില്‍ ഇംഗ്ലണ്ട് പ്രകടിപ്പിച്ചപ്പോള്‍ ഫുട്ബോള്‍ പണ്ഡിതന്മാരുടെ കണക്കുക്കൂട്ടലുകള്‍ പിഴച്ചു. താരതമ്യം ചെയ്യുമ്പോള്‍ ദുര്‍ബലരായ ടൂണീഷ്യയെയും പനാമയെയും തോല്‍പ്പിച്ച് ഒട്ടും ആശങ്കകള്‍ക്ക് വഴി കൊടുക്കാതെ അവര്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
പ്രധാന താരങ്ങളെ എല്ലാം പുറത്തിരുത്തി ബെല്‍ജിയത്തിനെതിരെ ഇറങ്ങിയപ്പോള്‍ തോല്‍വി രുചിച്ചെങ്കിലും അതിലൂടെ ബ്രസീലിനെ നേരിടുന്നത് ഒഴിവാക്കിയെടുക്കാന്‍ സൗത്ത്ഗേറ്റിന്‍റെ കുട്ടികള്‍ക്ക് സാധിച്ചു. പ്രീക്വാര്‍ട്ടറില്‍ കൊളംബിയ എന്ന ലാറ്റിനമേരിക്കന്‍ ടീം വെല്ലുവിളിയുമായെത്തി.
90 മിനിറ്റും മുന്നിട്ട് നിന്നിട്ട് അവസാനം ഗോള്‍ വഴങ്ങിയപ്പോള്‍ മറ്റൊരു ഷൂട്ടൗട്ട് ദുരന്തത്തിലേക്കാണ് ടീം പോകുന്നുന്നതെന്ന് കടുത്ത ആരാധകര്‍ പോലും ഒന്ന് സംശയിച്ചു. എന്നാല്‍, നിര്‍ഭാഗ്യത്തെ തോല്‍പ്പിച്ച സംഘമാണ് തങ്ങളെന്ന് കെയ്നും സംഘവും തെളിയിച്ചു. പിക്ഫോര്‍ഡ് എന്ന കാവല്‍ക്കാരന്‍ സേവുകള്‍ നടത്തിയപ്പോള്‍ ഷൂട്ടൗട്ടില്‍ ലോകകപ്പില്‍ എല്ലാക്കാലവും പരാജയപ്പെട്ടവരെന്ന നാണക്കേട് കൂടിയാണ് ഇംഗ്ലണ്ട് മായ്ച്ചു കളഞ്ഞത്.
ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെ ചരിത്രം കൊണ്ട് മുട്ടിടിപ്പിക്കാനാകുന്ന ടീമിനെയാണ് എതിരാളികളായി ലഭിച്ചത്. 2002ലും 2006ലും ക്വാർട്ടറിലെത്തി പരാജയപ്പെട്ട ഇംഗ്ലണ്ടിനെ പരിശീലിപ്പിച്ച എറിക്സണ്‍ തന്ത്രങ്ങള്‍ ഓതുന്ന സ്വീഡന്‍ പ്രതിരോധം കെട്ടി ഇംഗ്ലീഷ് പടയെ വെല്ലാന്‍ കാത്തിരുന്നു.
എന്നാല്‍, റഷ്യ വരെ വന്നത് അങ്ങനെ അങ്ങ് മടങ്ങാനല്ലെന്ന വെല്ലുവിളിയുമായി മിന്നുന്ന വിജയമാണ് സ്വീഡനെതിരെ ഇംഗ്ലണ്ട് അടിച്ചെടുത്തത്. ഇനി ക്രൊയേഷ്യയോ... റഷ്യ... ഏത് ടീമായാലും ഇംഗ്ലണ്ട് പേടിക്കില്ല... പരിഹാസ തീയില്‍ കുരുത്തവര്‍ക്ക് അങ്ങനെ വാടാന്‍ സാധിക്കില്ലല്ലോ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam