
മോസ്കോ: റഷ്യന്‍ ലോകകപ്പിലെ കലാശക്കളിയില്‍ ഫ്രാന്‍സിന്‍റെ എതിരാളികള്‍ ആരെന്ന് കണ്ടെത്താനായുള്ള രണ്ടാം സെമി ഫൈനലിന്‍റെ ആദ്യ പകുതിയില്‍ ഇംഗ്ലണ്ട് മുന്നില്‍.ക്രൊയേഷ്യക്കെതിരെ കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ വല കുലുക്കിയ ഇംഗ്ലിഷ് പോരാളികള്‍ ആദ്യ പകുതിയില്‍ മേല്‍ക്കോയ്മ നിലനിര്‍ത്തി.
അഞ്ചാം മിനിട്ടില്‍ നായകന്‍ ഹാരി കെയ്ന് പകരം ബോക്സിന് തൊട്ട് പുറത്ത് ലഭിച്ച ഫ്രീകിക്ക് വലയിലെത്തിച്ച കീറന്‍ ട്രിപ്പിയറാണ് ഇംഗ്ലണ്ടിന് കുതിപ്പ് നല്‍കിയത്. ടോട്ടനത്തിന്‍റെ മിന്നും താരം തൊടുത്ത ഷോട്ടിന് മുന്നില്‍ സുബാസിച്ച് നിസാഹയനായി.
അതേസമയം മികച്ച മുന്നേറ്റങ്ങളുമായി ക്രൊയേഷ്യയും മത്സരം ആവേശകരമാക്കുന്നുണ്ട്. ഇംഗ്ലണ്ടിന്‍റെ ബോക്സിലേക്ക് ഇരച്ചെത്താന്‍ ക്രൊയേഷ്യന്‍ താരങ്ങള്‍ ശ്രമിക്കുന്നുണ്ട്. ഹാരി കെയ്ന്‍റെ നേതൃത്വത്തില്‍ ലീഡ് വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇംഗ്ലണ്ട്.
ആദ്യ പകുതിയില്‍ 54 ശതമാനവും പന്ത് കൈവശം വച്ചിരുന്നത് ക്രൊയേഷ്യയായിരുന്നു. പോസ്റ്റിലേക്ക് ആറ് ഷോട്ടുകള്‍ പായിക്കാന്‍ ക്രൊയേഷ്യക്ക് സാധിച്ചെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഇവാന്‍ റാക്കിറ്റിച്ച് ഇംഗ്ലിഷ് ബോക്സില്‍ കടന്നു കയറിയെങ്കിലും പ്രതിരോധക്കാര്‍ അപകടം ഒഴിവാക്കി.
ഫുട്ബോള്‍ ലോകകപ്പിന്‍റെ ചരിത്രത്തില്‍ രണ്ടാം തവണയും കലാശക്കളിക്ക് ഇടം നേടാനുള്ള കുതിപ്പിലാണ് ഇംഗ്ലണ്ട്. 1966 ലാണ് ഒരേ ഒരു തവണ ഇംഗ്ലണ്ട് ലോകകപ്പിന്‍റെ ഫൈനിലിലെത്തിയിട്ടുള്ളത്. അന്ന് കിരീടം നേടുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam