ബ്യൂട്ടിപാർലർ വെടിവെപ്പ്: തുമ്പില്ലാതെ പൊലീസ്, അന്വേഷണസംഘം വിപുലീകരിച്ചു

By Web TeamFirst Published Jan 18, 2019, 10:38 AM IST
Highlights

കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസ് ഇനി ക്രൈംബ്രാഞ്ച് - പൊലീസ് സംയുക്തസംഘം അന്വേഷിക്കും. ഒരു മാസമായിട്ടും അന്വേഷണം ഇഴയുന്നതിനാലാണ് അന്വേഷണസംഘം വിപുലീകരിച്ചത്.

കൊച്ചി: കടവന്ത്രയിൽ നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാർലറിന് നേരെ നടന്ന വെടിവെപ്പ് കേസ് ഇനി ക്രൈംബ്രാഞ്ച് - പൊലീസ് സംയുക്തസംഘം അന്വേഷിക്കും. ഒരു മാസമായിട്ടും അന്വേഷണം ഇഴയുന്നതിനാലാണ് അന്വേഷണസംഘം വിപുലീകരിച്ചത്. അധോലോക കുറ്റവാളി രവി പൂജാരിയെ കേന്ദ്രീകരിച്ച് തന്നെയാണ് അന്വേഷണമെന്ന് പോലീസ്  വ്യക്തമാക്കുന്നു.

ഇക്കഴിഞ്ഞ ഡിസംബർ 15നാണ് കൊച്ചി കടവന്ത്രയിൽ നടി ലീന മരിയ പോളിന്‍റെ ഉടമസ്ഥതയിലുള്ള  ബ്യൂട്ടി പാർലറിന് നേരെ ബൈക്കിലെത്തിയ ഒരു സംഘം വെടിവെച്ചത്. അധോലോക കുറ്റവാളി രവി പൂജാരിയുടെ നിർദ്ദേശ പ്രകാരമാണ് കൃത്യം ചെയ്തെന്ന് തെളിയിക്കാൻ ചില കുറിപ്പും സ്ഥലത്ത് ഉപേക്ഷിച്ചായിരുന്നു സംഘം മടങ്ങിയത്.

സംഭവത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രവി പൂജാരി തന്നെ  രംഗത്ത് വന്നു. എന്നാൽ അന്വേഷണം ഒരു മാസം പിന്നിട്ടിട്ടും  വെടിവെച്ചത് ആരാണെന്ന് പോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴും രവി പൂജാരിയിൽ നിന്ന് പരാതിക്കാരിയായ നടി ലീന മരിയ പോളിനും അഭിഭാഷകനും ഭീഷണി ഫോൺകോളുകൾ എത്തുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം വിപുലീകരിച്ചത്. നിലവിൽ അന്വേഷണ ചുമതലയുള്ള തൃക്കാക്കര അസിസ്റ്റന്‍റ് കമ്മീഷണർ പിപി ഷംസിന്‍റെ നേതൃത്വത്തിൽ തന്നെ കൊച്ചിയിലും ഇതര സംസ്ഥാനത്തും അന്വേഷം തുടരും. പ്രതികളെക്കുറിച്ച് മംഗലാപുരത്തടക്കം നടത്തിയ അന്വേഷണത്തിൽ ചില സൂചനകൾ ലോക്കൽ പോലീസിന് ലഭിച്ചതിനാൽ ഈ സംഘത്തെ മാറ്റില്ല.

എന്നാൽ രവി പൂജാരിയുമായി ബന്ധപ്പെട്ട  മറ്റ് കാര്യങ്ങൾ വിദേശത്തടക്കം അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ച് ആയിരിക്കും. ക്രൈംബ്രാഞ്ച് സംഘത്തിൽ ആരൊക്കെ എന്നത് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കും.

click me!