സർക്കാർ കന്യാസ്ത്രീകളുടെ സമരത്തിനൊപ്പം; കോടിയേരിയെ തള്ളി ഇപി ജയരാജന്‍

By Web TeamFirst Published Sep 21, 2018, 10:28 AM IST
Highlights

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ നിലപാട് തള്ളി ഇപി ജയരാജന്‍. കന്യാസ്ത്രീകളുടെ സമരത്തിന് ഒപ്പമാണ് സർക്കാർ. അന്വേഷണം കൃത്യമായ ദിശയിൽ നടക്കുന്നുണ്ട്. തെറ്റ് ചെയ്തവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരും . കോടിയേരിയുടെ നിലപാട് അദ്ദേഹത്തിനോട് ചോദിക്കണമെന്നും ഇപി ജയരാജന്‍ പറഞ്ഞു.

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ നിലപാട് തള്ളി ഇപി ജയരാജന്‍. കന്യാസ്ത്രീകളുടെ സമരത്തിന് ഒപ്പമാണ് സർക്കാർ. അന്വേഷണം കൃത്യമായ ദിശയിൽ നടക്കുന്നുണ്ട്. തെറ്റ് ചെയ്തവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരും . കോടിയേരിയുടെ നിലപാട് അദ്ദേഹത്തിനോട് ചോദിക്കണമെന്നും ഇപി ജയരാജന്‍ പറഞ്ഞു.

കോടിയേരിക്ക് മറുപടിയുമായി നേരത്തെ സമരസമിതിയും രംഗത്തെത്തിയിരുന്നു. സമരചരിത്രം സിപിഎം മറക്കരുതെന്ന് സമരസമിതി കൺവീനർ ഫാദർ അഗസ്റ്റിൻ വട്ടോളി പറഞ്ഞു. മാർപാപ്പ തള്ളിപ്പറഞ്ഞ വ്യക്തിയെയാണ് സിപിഎം സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നും പ്രസ്താവന അങ്ങേയറ്റം വേദനാജനകമാണെന്നും സമരസമിതി അംഗങ്ങള്‍ പ്രതികരിച്ചു.

കന്യാസ്ത്രീകളടക്കമുള്ള സമരസമിതി നടത്തുന്ന സമരം സമരകോലാഹലമാണെന്നും സമരം ദുരുദ്ദേശപരവും രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാണെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കഴിഞ്ഞ ദിവസം പറഞ്ഞത്. 

അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ മൂന്നാം ദിവസമായ ഇന്നും ചോദ്യം ചെയ്യും. ബിഷപ്പിന്‍റെ അറസ്റ്റ് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ചോദ്യം ചെയ്യൽ മൂന്നാം ദിവസത്തിലേക്ക് കടക്കുന്നത്.  എട്ട് മണിക്കൂർ നീണ്ട രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷവും മൊഴികളിലെ വ്യക്തത കുറവാണ് അറസ്റ്റിന് തടസമായി അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നത്. അന്വേഷണം പൂർത്തിയാക്കി മാത്രമേ അറസ്റ്റിലേക്ക് കടക്കാനാകൂ എന്നാണ് പൊലീസ് നിലപാട്. 

ബലാല്‍സംഗ കുറ്റം നിഷേധിച്ച ബിഷപ്പ് മഠത്തിലെ ആഭ്യന്തര അധികാര തര്‍ക്കമാണ് ആരോപണങ്ങള്‍ക്കു പിന്നിലെന്ന മുന്‍ നിലപാടില്‍ ഉറച്ചു നിന്നുവെന്നാണ് അന്വഷണ സംഘം നല്‍കുന്ന സൂചന. എന്നാല്‍ പൊലീസിന് നേരത്തെ ലഭിച്ച തെളിവുകളുമായി പൊരുത്തപ്പെടുന്ന ചില വിവരങ്ങളും ബിഷപ്പില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. 

ഇക്കാര്യങ്ങളിൽ ചോദ്യം ചെയ്യലിൽ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ഇന്നലെ രാത്രി ഐജിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ മൊഴികള്‍ വിശദ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഇതോടൊപ്പം തെളിവുകളും വിശകലനം ചെയ്ത് ഉച്ചയോടെ അറസ്റ്റിന്‍റെ കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. 

ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതില്‍ നിയമതടസമില്ലെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്‍റെ നിയമോപദേശവും അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്. എന്നാൽ ശക്തമായ തെളിവുകളോടെ വേണം അറസ്റ്റ് എന്ന നിര്‍ദ്ദേശം പോലീസ് തലപ്പത്തു നിന്നും ലഭിച്ചതിനാൽ നിലവിലുള്ള തെളിവുകളുടെ വിശദാംശങ്ങള്‍ നിയമ വിദഗ്ധരുമായും ചര്‍ച്ച ചെയ്ത ശേഷം മാത്രമേ അന്വേഷണ സംഘം അന്തിമ നടപടിയിലേക്ക് കടക്കൂ.
 

click me!