
കൊച്ചി: അംഗീകാരമില്ലാത്ത പിജി കോഴ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കി എറണാകുളം മെഡിക്കല്‍ കോളേജ്. ആവശ്യത്തിന് സൗകര്യം ഇല്ലാത്തതിനാല്‍ മെഡിക്കല്‍ കൌണ്‍സില്‍ ഇതുവരെ അംഗീകാരം നല്‍കാത്ത പിജി കോഴ്സുകളിലാണ് എറണാകുളം മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയിരിക്കുന്നത്. പിജി കോഴ്സുകള്‍ക്കായി കോളേജില്‍ പതിനൊന്നു സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്. ജനറല്‍ മെഡിസിനു മൂന്നും പീടിയട്രിക്സ്, സൈക്യാട്രി, മൈക്രോ ബയോളജി, പാത്തോളജി എന്നിവയ്ക്ക് രണ്ടും വീതം സീറ്റുകള്‍ ഉന്നത പഠനത്തിനായി മെഡിക്കല്‍ കോളേജിന് അനുവദിച്ചിരുന്നു.
എന്നാല്‍ പിജി കോഴ്സ് നടത്തുന്നതിനു മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശിക്കുന്ന സൗകര്യങ്ങള്‍ ഇവിടെ ഇല്ല. ആവശ്യത്തിനു അധ്യാപകരോ മറ്റു സൗകര്യങ്ങളോ ഇല്ലാത്തതിനാല്‍ പിജിക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ മറ്റു മെഡിക്കല്‍ കോളേജുകളില്‍ പോയാണ് ക്ലിനിക്കല്‍ പ്രാക്ടീസ് പൂര്‍ത്തിയാക്കുന്നത്. കഴിഞ്ഞ മാസമാണ് കോളേജില്‍ കാര്‍ഡിയോളജി വിഭാഗത്തിലേക്ക് ഒരു മുഴുവന്‍ സമയ അധ്യാപകനെ നിയമിച്ചത്. നെഫ്രോളജി വിഭാഗത്തിലും അടുത്തിടെ ഒരു അധ്യാപകനെ നിയമിച്ചിരുന്നു. അധികം താമസിയാതെ കൂടുതല്‍ അധ്യാപകരെ നിയമിക്കുമെന്ന എന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ത്ഥികള്‍.
പിജി പഠനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് ഉറപ്പ് നല്‍കിയിരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് പുറമേ പിജി കോഴ്സുകള്‍ പഠിപ്പിക്കുന്നതിന് ആവശ്യമായ അധ്യാപകരെ നിയമിക്കുമെന്നും സൂപ്പര്‍ സ്പെഷ്യാലിറ്റി ഡിപ്പാര്‍ട്ടുമെന്റുകള്‍ തുറക്കുമെന്നുമാണ് സര്‍ക്കാര്‍ ഉറപ്പു നല്‍കിയത്. എന്നാല്‍ ഇതുവരെ രണ്ട് അധ്യാപകരെ മാത്രമാണ് നിയമിച്ചത്.
പിജി കോഴ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയത് സര്‍ക്കാര്‍ തീരുമാനപ്രകാരം ആണെന്ന് മെഡിക്കല്‍ കോളേജ് അധികാരികള്‍ അറിയിച്ചു. കേന്ദ്ര മന്ത്രാലയം കോഴ്സുകള്‍ക്ക് അംഗീകാരം നല്‍കുന്നത് മുന്‍കാല പ്രാബല്യത്തോടെ ആണെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ വി.കെ ശ്രീകല പറഞ്ഞു. കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ ഏകദേശം നാല്‍പ്പതു മെഡിക്കല്‍ പിജി സീറ്റുകള്‍ വേണ്ട സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ഇത് വരെ കേന്ദ്ര മന്ത്രാലയത്തിന്റെ അംഗീകാരം ലഭിക്കാത്തതായുണ്ട്. ഈ സീറ്റുകള്‍ നിലനിര്‍ത്തുന്നതിന് വേണ്ട നടപടികള്‍ ഉടനെ തന്നെ സ്വീകരിക്കുമെന്ന് മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ റംല ബീവി പറഞ്ഞു. അംഗീകാരമില്ലാത്ത കോളേജുകളില്‍ നിന്ന് പിജി കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പുറം രാജ്യങ്ങളില്‍ ജോലി ചെയ്യാന്‍ സാധിക്കുകയില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam