ക്യൂബൻ സർക്കാർ വലിയ ബുദ്ധിമുട്ടിലാണെന്നും, അവർ അമേരിക്കയുമായി നിരന്തരം ചർച്ചകളിൽ ഏർപ്പെടുന്നുവെന്നുമാണ് വെള്ളിയാഴ്ച ട്രംപ് വിശദമാക്കിയത്

ഹവാന: ക്യൂബയെ സൌഹൃദപരമായി ഏറ്റെടുക്കാൻ തയ്യാറാണെന്ന് ഡൊണാൾഡ് ട്രംപ്. ഹവാനയും വാഷിംഗ്ടണുമായുള്ള ബന്ധം പുതിയ തലത്തിലെത്തി നിൽക്കുമ്പോഴാണ് ട്രംപിന്റെ നിർദ്ദേശം. ക്യൂബൻ സർക്കാർ വലിയ ബുദ്ധിമുട്ടിലാണെന്നും, അവർ അമേരിക്കയുമായി നിരന്തരം ചർച്ചകളിൽ ഏർപ്പെടുന്നുവെന്നുമാണ് വെള്ളിയാഴ്ച ട്രംപ് വിശദമാക്കിയത്. കരീബിയൻ നേതാക്കളുടെ ഉച്ചകോടിയായ കാരികോമിൽ പങ്കെടുക്കുന്നതിനിടെ 94 കാരനായ റൗൾ കാസ്ട്രോയുടെ ചെറുമകനായ റൗൾ ഗില്ലെർമോ റോഡ്രിഗസ് കാസ്ട്രോയുമായി യുഎസ് ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തിയതായി അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദ്വീപ് രാജ്യമായ ക്യൂബ അമേരിക്കയ്ക്ക് മുന്നിൽ തുറക്കുന്നതുമായ സൂചന നൽകിയുള്ള ട്രംപിന്റെ അഭിപ്രായ പ്രകടനം എത്തുന്നത്. അവരുടെ കയ്യിൽ പണമില്ല, ഒന്നും ചെയ്യാനുള്ള സൌകര്യങ്ങളുമില്ല. എന്നാൽ നിലവിൽ അമേരിക്കയുമായി ചർച്ചകൾ നടക്കുന്നുണ്ട്. അതിനാൽ ക്യൂബയെ സൌഹൃദപരാമായി ഏറ്റെടുക്കാൻ തയ്യാറാണെന്നായിരുന്നു ട്രംപ് വെള്ളിയാഴ്ച വിശദമാക്കിയത്. 67 വർഷത്തെ ശക്തമായ എതിർപ്പുകളിൽ മാറ്റമുണ്ടാകുന്ന സ്ഥിതിയിലാണ് ട്രംപിന്റെ അഭിപ്രായ പ്രകടനമെന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ നിരീക്ഷണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജനുവരിയിൽ ക്യൂബയുടെ സഖ്യകക്ഷിയും വെനസ്വേല പ്രസിഡന്റുമായ നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയതിന് ശേഷം, ക്യൂബയുടെ പ്രതിസന്ധിയിലായ ഭരണകൂടത്തിന്മേൽ യുഎസ് സമ്മർദ്ദം ശക്തമാക്കിയിരുന്നു. 1959 ലെ ഫിഡൽ കാസ്ട്രോയുടെ വിപ്ലവത്തിന്റെ പ്രധാന ചാലകശക്തികളിൽ ഒന്നായിരുന്നു ക്യൂബൻ സമ്പദ്‌വ്യവസ്ഥയിലെ യുഎസ് സാമ്പത്തിക ആധിപത്യം. ട്രംപിന്റെ മുതലെടുപ്പ് ശൈലിയിലുള്ള ഭാഷ ക്യൂബക്കാർക്കിടയിൽ ചരിത്രം ആവർത്തിക്കുന്നുണ്ടെന്ന ആശങ്ക നൽകുന്നതാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം