ഇസ്രയേലിന് നേരെയുള്ള ആക്രമണത്തിന് പിന്നാലെ ഇറാൻ ബഹ്റൈനിലെ യുഎസ് അഞ്ചാം കപ്പൽ പടയുടെ ആസ്ഥാനം ലക്ഷ്യമിട്ട് ആക്രമണം നടത്തി. ബഹ്റൈനിൽ ശക്തമായ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ, പശ്ചിമേഷ്യൻ മേഖല അതീവ ഗുരുതരമായ യുദ്ധസാഹചര്യത്തിലേക്ക് നീങ്ങുകയാണ്
മനാമ: അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത ആക്രമണത്തിന് പിന്നാലെ ഇറാന്‍റെ തിരിച്ചടി കൂടുതൽ രാജ്യങ്ങളിലേക്ക്. ഇസ്രയേലിൽ അതിശക്ത ആക്രമണം നടത്തിയതിന് പിന്നാലെ ബഹ്റൈനിലും ഇറാൻ ആക്രമണം നടത്തി. ബഹ്റൈനിലെ യു എസ് അഞ്ചാം കപ്പൽ പടയുടെ (US 5th Fleet) ആസ്ഥാനത്തിന് നേരെയാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. ബഹ്റൈനിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായും അപായ സൈറണുകൾ മുഴങ്ങിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ബഹ്റൈനിൽ ഉഗ്ര സ്ഫോടനങ്ങൾ നടന്നെന്നാണ് വ്യക്തമാകുന്നത്. മേഖലയിലെ എല്ലാ യു എസ്, ഇസ്രായേൽ സൈനിക ആസ്ഥാനങ്ങളും തങ്ങളുടെ ലക്ഷ്യമാണെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. നേരത്തെ തന്നെ ഇക്കാര്യം ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രയേലിന് പിന്നാലെ അയൽരാജ്യങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിലേക്കും യുദ്ധം വ്യാപിക്കുന്നത് പശ്ചിമേഷ്യയെ അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് മാറ്റുമെന്ന് ഉറപ്പാണ്.
ഇസ്രയേലിലേക്ക് മിസൈൽ വർഷം
അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത ആക്രമണത്തിന് പിന്നാലെ ഇസ്രയേലിലേക്ക് മിസൈലുകൾ തൊടുത്ത് ഇറാൻ തിരിച്ചടി തുടങ്ങിയിരുന്നു. ഇസ്രയേലിലെ വിവിധ നഗരങ്ങളിൽ മിസൈലുകൾ പതിച്ചതായും അപായ സൈറണുകൾ മുഴങ്ങുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ മിസൈലുകൾ ഇസ്രയേലിൽ പതിച്ചെന്ന് ഇസ്രയേൽ സേനയും വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണ ശ്രമം ഉണ്ടായെന്നാണ് ഇസ്രയേൽ പറയുന്നത്. എന്നാൽ ആക്രമണത്തിന്‍റെ തോതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. മുൻകാലങ്ങളിലെ പോലെ കൂട്ടത്തോടെയുള്ള മിസൈൻ ആക്രമണമാണ് ഇറാൻ നടത്തിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇറാന്‍റെ തിരിച്ചടി ആക്രമണ സാധ്യത മുൻകൂട്ടി കണ്ട് ഇസ്രയേൽ രാജ്യത്തുടനീളം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ജനങ്ങളോട് ബങ്കറുകളിലേക്ക് മാറാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇറാന്റെ പ്രത്യാക്രമണം അതിശക്തമായിരിക്കുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്ന സാഹചര്യത്തിൽ, മേഖലയിൽ വൻ യുദ്ധത്തിനുള്ള സാധ്യതയാണ് നിലവിലുള്ളത്.
ലക്ഷ്യം ഇറാനിലെ ഭരണമാറ്റമെന്ന് ട്രംപ്
ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ സൈനിക നടപടിയുടെ ലക്ഷ്യമടക്കം പ്രഖ്യാപിച്ച് യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാനിലെ ഭരണമാറ്റം തന്നെയാണ് ആക്രമണത്തിന്‍റെ ലക്ഷ്യമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. ഇറാൻ സൈന്യം ആയുധം താഴെ വയ്ക്കണമെന്നും ഇറാൻ ഭരണകൂടത്തെ വീഴ്ത്തുമെന്ന് ട്രംപ് വ്യക്തമാക്കി. ആയുധം വെച്ച് കീഴടങ്ങണമെന്ന് ഇറാൻ സേനയോട് ട്രംപ് ആവശ്യപ്പെട്ടു. ഇറാനിൽ ഭരണമാറ്റത്തിനും ആഹ്വാനം ചെയ്തു. കീഴടങ്ങുക, അല്ലെങ്കിൽ മരണമെന്ന അന്ത്യശാസനം ഇറാൻ റെവല്യൂഷനറി ഗാർഡിനും യു എസ് പ്രസിഡന്‍റ് നൽകി. ഇറാൻ നാവികസേനയെ ഇല്ലാതാക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇറാൻ തങ്ങളുടെ ആണവ പദ്ധതി പുനർനിർമ്മിക്കാൻ ശ്രമിക്കുകയാണെന്നും ഇതാണ് ആക്രമണത്തിലേക്ക് പൊടുന്നനെ കടക്കാൻ യു എസിനെ പ്രേരിപ്പിച്ചതെന്നും പ്രസിഡന്‍റ് വിവരിച്ചു. അമേരിക്കയിൽ എത്താൻ കഴിയുന്ന മിസൈലുകൾ ഇറാൻ വികസിപ്പിക്കുകയാണെന്നും ആരോപിച്ചു. യു എസിൽ എത്തുന്ന മിസൈലുകൾ ഇറാൻ നിർമിക്കുന്നതുവരെ കാത്തിരിക്കാൻ ആകില്ലെന്നും അതുകൊണ്ടാണ് ഇപ്പോൾ ആക്രമണം തുടങ്ങിയതെന്നും ട്രംപ് കൂട്ടിച്ചേർത്തു.



