ഹെല്‍മെറ്റ് വയ്ക്കാത്തതിന് പിടികൂടിയ ആള്‍ക്കെതിരെ അസഭ്യവര്‍ഷം; എസ്ഐക്ക് സസ്പെന്‍ഷന്‍

By Web DeskFirst Published Mar 25, 2018, 10:47 PM IST
Highlights
  • ഹെല്‍മെറ്റ് വയ്ക്കാത്തതിന് പിടികൂടിയ ആള്‍ക്കെതിരെ അസഭ്യവര്‍ഷം
  • വാഹന പരിശോധനയില്‍ പിടിക്കപ്പെട്ടവരോട് കേട്ടലറയ്ക്കുന്ന ഭാഷയില്‍ എസ്.ഐയുടെ തെറിയഭിഷേകം
  • ഈരാറ്റുപേട്ട എസ്ഐക്ക് സസ്പെന്‍ഷന്‍

കോട്ടയം: ഈരാറ്റുപേട്ട എസ്ഐക്കെതിരെ നടപടി. ഹെല്‍മെറ്റ് വയ്ക്കാത്തതിന് പിടികൂടിയ ആള്‍ക്കെതിരെ അസഭ്യവര്‍ഷം നടത്തിയ ഈരാറ്റുപേട്ട എസ്ഐ മഞ്ജുനാഥിന് സസ്പെന്‍ഷന്‍. വാഹന പരിശോധനയ്ക്കിടെ പെറ്റിക്കേസില്‍ പിടിയിലായ യുവാക്കളോട് ഈരാറ്റുപേട്ട എസ്.ഐ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ തെറിവിളിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്. 

സ്റ്റേഷനിലെത്തുന്നവരോട് മാന്യമായി പെരുമാറണമെന്നും വാഹന പരിശോധനയില്‍ മര്യാദ പാലിക്കണമെന്നുമൊക്കെ മുഖ്യമന്ത്രിയും ഡിജിപിയും നിരന്തരം നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് പുല്ലുവിലയാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്നത് എന്നതിന് തെളിവാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. പരിഷ്കൃത സമൂഹത്തിന് ചേരുന്ന രീതിയിൽ പൊലീസ് മാറിയില്ലെങ്കിൽ കടുത്ത നടപടിയെന്നാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. എന്നാല്‍ ഇതൊന്നും വിലപ്പോയില്ലെന്നതിന് ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ തന്നെ തെളിവാണ്.  

മലപ്പുറം കോട്ടയ്ക്കലിൽ ബൈക്ക് യാത്രക്കാരന്‍റെ മൂക്ക് ഇടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെയും നടപടി സ്വീകരിച്ചിരുന്നു. കോട്ടയ്ക്കല്‍ എ.എസ്.ഐ ബെന്നി എം.വര്‍ഗീസിനെ സ്ഥലം മാറ്റിയത്. തിരുവനന്തപുരം ആംഡ് സേനയിലേക്കാണ് മാറ്റിയത്. വി.ഐ.പി വാഹനത്തിനായി റോഡില്‍ നിന്ന് ഒഴിഞ്ഞുമാറിയില്ലെന്നാരോപിച്ച് ട്രാഫിക് പൊലീസ് കലിതീർത്തത് വാഹനയാത്രക്കാരന്‍റെ മൂക്കിടിച്ചുപരത്തിയാണ്. 

ഏറ്റവുമൊടുവിൽ ആലപ്പുഴയിൽ രണ്ടു ജീവനുകളിലാണ് പൊലീസ് അതിക്രമത്തിൽ പൊലിഞ്ഞത്. ഇരുചക്രവാഹനക്കാരെ പിന്തുടർന്ന പിടിക്കാൻ ശ്രമിച്ച പൊലീസ് ബലികൊടുത്ത് രണ്ടു ജീവനാണ്. കൈകാണിച്ചിട്ടും നിർത്താതെ ബൈക്ക് യാത്രക്കാരായ കുടുംബത്തെ പിടിക്കാൻ എസ്.ഐ സോമനാണ് നിര്‍ദ്ദേശിച്ചത്. പൊലീസ് ജീപ്പില്‍ പിൻതുടര്‍ന്ന് ബൈക്ക് യാത്രക്കാർക്ക് കുറുകെ വാഹനം കയറ്റി പിടിക്കുന്നതിനിടെ മറ്റ് ഒരു ബൈക്ക് വന്ന് യാത്രക്കാരെ ഇടിച്ചിട്ടതാണ് അപകടകാരണം. പാതിരപ്പള്ളി സ്വദേശി വിച്ചു തല്‍ക്ഷണം മരിച്ചു. പരിക്കേറ്റ ബൈക്ക് യാത്രിക കഴിഞ്ഞ ദിവസം സുമി മരിച്ചു. സംഭവ വിവാദമായതിനുശേഷമാണ് എസ്.ഐയെ കൊച്ചി റേഞ്ച് ഐ.ജി സസ്‍പെന്റ് ചെയതത്. 

തിരുവനന്തപുരത്ത് വാഹന പരിശോധനക്കിടെ കസ്റ്റഡയിലെടുത്ത യുവാക്കള്‍ക്കുനേരെ മൂന്നാം മുറ പ്രയോഗിച്ചുവെന്ന ആരപണവും ഉയർന്നിരുന്നു. പക്ഷേ ഇതൊക്കെ കണ്‍മുന്നില്‍ കണ്ടിട്ടും നിയമവും നിർദ്ദേശം പാലിക്കാതെ കീഴുദ്യോഗസ്ഥർക്ക് നേരെ ഉന്നതരും കണ്ണടയ്ക്കുന്നു. പൊലീസ് സേനയിലെ ക്രിമിനലുകൾ നിരത്തിൽ നിയമം കൈയ്യിലെടുക്കുമ്പോൾ സര്‍ക്കാര്‍ പോലും നടപടിയെടുക്കുന്നുമില്ല.

click me!