മലപ്പുറം പാണ്ടിക്കാട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ മദ്യലഹരിയില്‍ വാഹനമോടിച്ച് മൂന്ന് വാഹനങ്ങളില്‍ ഇടിച്ചു. അപകടത്തിന് ശേഷം നിർത്താതെ പോയ ഉദ്യോഗസ്ഥനെ നാട്ടുകാർ തടഞ്ഞുവെച്ചു.

മലപ്പുറം: പാണ്ടിക്കാട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ മദ്യലഹരിയില്‍ വാഹനമോടിച്ച് മൂന്ന് വാഹനങ്ങളില്‍ ഇടിച്ചതായി പരാതി. പാണ്ടിക്കാട് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ സിപിഒ വി രജീഷിനെ സംഭവ സ്ഥലത്തെത്തിയ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടം നടന്നത്. ഉദ്യോഗസ്ഥന്‍ മദ്യലഹരിയിലാണ് വാഹനമോടിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

രജീഷ് സഞ്ചരിച്ച കാര്‍ ആദ്യം ഒരു സ്‌കൂട്ടറിലാണ് ഇടിച്ചത്. ഇതേത്തുടര്‍ന്ന് സ്‌കൂട്ടര്‍ യാത്രക്കാരന്‍ റോഡിലേക്ക് മറിഞ്ഞുവീണു. എന്നാല്‍ കാര്‍ നിര്‍ത്താന്‍ തയ്യാറാകാതെ രജീഷ് കരുവാരക്കുണ്ട് ഭാഗത്തേക്ക് അമിത വേഗതയില്‍ ഓടിച്ചുപോയി. തുടര്‍ന്ന് തൊട്ടടുത്തുള്ള ഒരു കാറിലും പിന്നീട് ബൈക്കിലുമിടിച്ചാണ് വാഹനം നിന്നത്. ഉദ്യോഗസ്ഥന്‍ മദ്യലഹരിയിലാണെന്ന് മനസ്സിലാക്കിയതോടെ നാട്ടുകാര്‍ ഇയാളെ തടഞ്ഞുവെക്കുകയായിരുന്നു. മൂന്ന് വാഹനങ്ങളില്‍ ഇടിച്ചതോടെ പരിസരത്തുണ്ടായിരുന്ന നാട്ടുകാര്‍ ഓടിക്കൂടി കാര്‍ തടയുകയായിരുന്നു.

അപകടത്തില്‍ പരിക്കേറ്റവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇവരിലെ പരിക്കുകള്‍ എത്രത്തോളം ഗുരുതരമാണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. അതേസമയം അപകടമുണ്ടാക്കിയത് താനല്ല എന്ന നിലപാടിലായിരുന്നു രജീഷ് എന്ന് നാട്ടുകാര്‍ പറയുന്നു. നാട്ടുകാര്‍ രജീഷിനെ തടഞ്ഞുവെച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് നേരിയ സംഘര്‍ഷാവസ്ഥ നിലനിന്നു. വിവരമറിഞ്ഞ് പാണ്ടിക്കാട് സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. തുടര്‍ന്നാണ് രജീഷിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ഉദ്യോഗസ്ഥന്റെ മദ്യപാനം സംബന്ധിച്ച് വിശദമായ വൈദ്യപരിശോധനകള്‍ക്ക് ശേഷം നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.