`പോറ്റിയേ കേറ്റിയെ' പാരഡി ​ഗാനത്തിനെതിരെ പരാതി നല്‍കാന്‍ സിപിഎം. ഈ ​ഗാനം അതി​ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു.

പത്തനംതിട്ട: `പോറ്റിയേ കേറ്റിയെ' പാരഡി ​ഗാനത്തിനെതിരെ സിപിഎം പരാതി നൽകും. ഈ ​ഗാനം അതി​ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. കോൺഗ്രസും ലീഗും ചേർന്ന് തെരഞ്ഞെടുപ്പിൽ ധ്രുവീകരണത്തിന് ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ അയ്യപ്പ ഭക്തി ഗാനത്തെ അവഹേളിക്കുന്ന പാരഡി ഗാനത്തിനെതിരെ നിയമ നടപടി വേണമെന്നാവശ്യപ്പെട്ട് രം​ഗത്തെത്തിയ പ്രസാദ് കുഴിക്കാലയേയും സിപിഎം പിന്തുണച്ചു. തിരുവാഭരണ പാത സംരക്ഷണ സമിതിയുടെ നേതാവ് പ്രസാദ് കുഴിക്കാല തന്നെയാണെന്നും പാരഡി ഗാനത്തിനെതിരെ പരാതി നൽകാൻ കൂടുതൽ ഹൈന്ദവ സംഘടനകൾ ബന്ധപ്പെടുന്നുണ്ടെന്നും രാജു എബ്രഹാം അറിയിച്ചു.

സ്വര്‍ണക്കൊള്ളക്കെതിരായ പാരഡി ഗാനം തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് വൈറലായത്. തെരഞ്ഞെടുപ്പ് വിധിയിൽ സ്വര്‍ണക്കൊള്ളയും ഘടകമായതോടെ കോണ്‍ഗ്രസ് നേതാക്കള്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെ പാട്ട് ഏറ്റുപാടി. ഇതിന് പിന്നാലെയാണ് പാരഡി ഗാനത്തിനെതിരെ പരാതി വരുന്നത്. ശരണം വിളിച്ചു കൊണ്ടുള്ള പാരഡി ഗാനം അയ്യപ്പ ഭക്തരുടെ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നതും വ്രണപ്പെടുത്തുന്നതുമാണെന്നാണ് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയുടെ പരാതി. പാട്ട് വിശ്വാസത്തെ ഹനിക്കുന്നതാണെങ്കിൽ പരിശോധിക്കുമെന്നായിരുന്നു എൽഡിഎഫ് കണ്‍വീനർ ടി പി രാമകൃഷ്ണൻ്റെ പ്രതികരണം. സ്വർണ്ണക്കൊളള തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിച്ചോ എന്നതിൽ എൽഡിഎഫിൽ തർക്കം നിലനിൽക്കെയാണ് പാരഡി വിവാദവും പരാതിയും. കേസെടുത്താൽ പാരഡിയേറ്റ് പാടി സ്വർണ്ണക്കൊള്ള കൂടുതൽ കത്തിക്കാനാണ് യുഡിഎഫ് നീക്കം.