'ഇടുക്കി'യുടെ ആശ്വാസത്തില്‍ കൊച്ചി; സമഗ്ര രക്ഷാപ്രവര്‍ത്തനവുമായി സൈന്യം

Published : Aug 17, 2018, 09:18 AM ISTUpdated : Sep 10, 2018, 12:53 AM IST
'ഇടുക്കി'യുടെ ആശ്വാസത്തില്‍ കൊച്ചി; സമഗ്ര രക്ഷാപ്രവര്‍ത്തനവുമായി സൈന്യം

Synopsis

പല ഭാഗങ്ങളിലും ചെറിയ തോതില്‍ മഴയുണ്ടെങ്കിലും പൊതുവെ ഭേദപ്പെട്ട കാലാവസ്ഥയാണ്. സൈന്യത്തിന്റെ 'ഓപറേഷന്‍ കരുണ' അടക്കം രക്ഷാപ്രവര്‍ത്തനങ്ങള്‍ രാവിലെ മുതല്‍ ആരംഭിച്ചു.

കൊച്ചി: ഇടുക്കി അണക്കെട്ട് സംഭരണശേഷിയിലേക്ക് ഉയരുന്നതടക്കമുള്ള സാഹചര്യങ്ങള്‍ എറണാകുളം ജില്ലയില്‍ ഇന്നലെ ആശങ്ക ഉയര്‍ത്തിയെങ്കില്‍ ആശ്വാസകരമായ വാര്‍ത്തകളാണ് ഇന്ന് ഇതുവരെ പുറത്തുവരുന്നത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സംഭരണശേഷിയില്‍ നിന്ന് താഴെയെത്തുകയും മഴയ്ക്ക് നേരിയ ശമനമുണ്ടാവുകയും ചെയ്തതോടെ ഇവിടെനിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടില്ലെന്ന അറിയിപ്പാണ് അതില്‍ പ്രധാനം. ആലുവ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണെങ്കിലും ഇന്നത്തെ രക്ഷാപ്രവര്‍ത്തനത്തിലൂടെ കുടുങ്ങിക്കിടക്കുന്നവരില്‍ ബഹുഭൂരിപക്ഷത്തെയും പുറത്തെത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് സൈന്യവും ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വിഭാഗവും. കൊച്ചിയില്‍ ഇപ്പോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്.

പല ഭാഗങ്ങളിലും ചെറിയ തോതില്‍ മഴയുണ്ടെങ്കിലും പൊതുവെ ഭേദപ്പെട്ട കാലാവസ്ഥയാണ്. സൈന്യത്തിന്റെ 'ഓപറേഷന്‍ കരുണ' അടക്കം രക്ഷാപ്രവര്‍ത്തനങ്ങള്‍ രാവിലെ മുതല്‍ ആരംഭിച്ചു. വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ അതിരാവിലെ തന്നെ ഭക്ഷണപ്പൊതികളും കുടിവെള്ളവും വിതരണം ചെയ്യാന്‍ തുടങ്ങിയിരുന്നു. ഒന്‍പത് മണിയോടെ പൂര്‍ണതോതിലുള്ള രക്ഷാപ്രവര്‍ത്തനവും ആരംഭിച്ചു.

ആലുവ, പറവൂര്‍, ചേന്ദമംഗലം, മാഞ്ഞാലി, ഏലൂര്‍, വരാപ്പുഴ, നെടുമ്പാശ്ശേരി, മൂവാറ്റുപുഴ, കാലടി പ്രദേശങ്ങളാണ് മേഖലയില്‍ ഏറ്റവും വെള്ളം കയറിയ നിലയിലുള്ളത്. പേരണ്ടൂര്‍ കനാലിലും ഇടപ്പള്ളി തോട്ടിലും വെള്ളം ഉയര്‍ന്നിട്ടുണ്ട്. അതിനാല്‍ നിരവധി ബോട്ടുകളാണ് നാവികസേന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തിറക്കിയിരിക്കുന്നത്. മുനമ്പത്ത് നിന്നുള്ള മത്സ്യബന്ധനബോട്ടുകള്‍ കായല്‍ വഴി പെരിയാറിലേക്ക് എത്തിച്ച് ഉപയോഗിക്കാനും പദ്ധതിയുണ്ട്. ദേശീയപാതയിലെ കമ്പനിപ്പടി ഭാഗത്ത് ഇന്നലെ ജലം ഉയര്‍ന്നിരുന്നു. ഇന്ന് ദേശീയപാതയില്‍ കൊച്ചി മെട്രോയുടെ അമ്പാട്ടുകാവ് സ്‌റ്റേഷന് സമീപം സമാനമായ സാഹചര്യമുണ്ട്. എന്നാല്‍ സമീപപ്രദേശങ്ങളിലുള്ള പാടശേഖരങ്ങളിലേക്ക് വെള്ളം ഒഴുകിപ്പോകുന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. 

തൃശൂര്‍ ഭാഗത്തുനിന്നടക്കം കൊച്ചി മേഖലയിലേക്കുള്ള ഗതാഗതം പലയിടത്തും തടസ്സപ്പെട്ടിട്ടുണ്ട്. ദക്ഷിണറെയില്‍വേ എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് രാവിലെ എട്ടിന് പ്രത്യേക പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസ് നടത്തുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഡെപ്യൂട്ടി മേയർ സ്ഥാനം പങ്കിടാൻ ധാരണയില്ല; മുസ്ലിം ലീഗിന്റെ ഡെപ്യൂട്ടി മേയർ അവകാശവാദം തള്ളി എറണാകുളം ഡിസിസി
'ഭ്രാന്ത് കൊണ്ട് വെറുപ്പുണ്ടാക്കുന്നവരെ എന്താണ് പറയേണ്ടത്'?; കരോൾ സംഘങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ ക്ലീമിസ് കത്തോലിക്കാ ബാവ