അഭിമന്യു വധക്കേസിൽ വിചാരണ ഫെബ്രുവരി നാലിന് തുടങ്ങും

By Web TeamFirst Published Jan 24, 2019, 4:27 PM IST
Highlights

കേസിൽ ഒന്നാംപ്രതിയടക്കം ഏഴ് പേർ ഇനിയും പിടിയിലാകാനുണ്ട്. ഇവരുടെ വിചാരണ പിന്നീട് നടക്കും

എറണാകുളം: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യു വധക്കേസിന്‍റെ വിചാരണ ഫെബ്രുവരി നാലിന് തുടങ്ങും. പതിനാറ് പേരുടെ വിചാരണയാണ് ആദ്യം തുടങ്ങുന്നത്. കേസിൽ ഒന്നാംപ്രതിയടക്കം ഏഴ് പേർ ഇനിയും പിടിയിലാകാനുണ്ട്. ഇവരുടെ വിചാരണ പിന്നീട് നടക്കും. ജാമ്യം ലഭിച്ച പ്രതികളടക്കമുള്ളവരോട് അടുത്ത മാസം നാലിന് ഹാജരാകാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

മഹാരാജാസിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിയും എസ് എഫ് ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന അഭിമന്യു. കഴിഞ്ഞ വർഷം ജൂലൈ ഒന്നിന്  കോളേജ് ക്യാംപസില്‍ വച്ച് കുത്തേറ്റ് കൊല്ലപ്പെടുകയായിരുന്നു. രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. ക്യാംപസില്‍ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് പോസ്റ്റര്‍ ഒട്ടിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. എസ് എഫ് ഐ-ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ തുടര്‍ച്ചയായിട്ടായിരുന്നു ആക്രമണം. 

നെഞ്ചിന് സര്‍ജിക്കല്‍ ബ്ലൈഡ് കൊണ്ട് കുത്തേറ്റ അഭിമന്യുവിനെ ഉടന്‍ അടുത്തുള്ള ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും  മരിക്കുകയായിരുന്നു. അഭിമന്യുവിനൊപ്പം കുത്തേറ്റ എസ് എഫ് ഐ പ്രവര്‍ത്തകനും കോട്ടയം സ്വദേശിയുമായ അര്‍ജുന്‍ നീണ്ട ചികിത്സയ്ക്ക് ശേഷം അടുത്ത കാലത്താണ് ആശുപത്രി വിട്ടത്.

click me!