പേമാരി, വെള്ളപ്പൊക്കം: മധ്യ യൂറോപ്പില്‍ വന്‍ നാശം

By gipson gFirst Published Jun 3, 2016, 8:21 PM IST
Highlights

മധ്യ യൂറോപ്പില്‍ വെള്ളപ്പൊക്ക കെടുതിയില്‍ വന്‍ നാശനഷ്ടം. ഫ്രാന്‍സും ജര്‍മനിയുമുള്‍പ്പെടെ ഏഴോളം രാജ്യങ്ങളില്‍ ദുരിതം വിതച്ചകനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഇതുവരെ 20 പേര്‍ മരിച്ചു. പതിനായിരക്കണക്കിന് ആളുകളെ ദുരിതബാധിത പ്രദേശങ്ങളില്‍നിന്നു സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി.

കഴിഞ്ഞ ഒരാഴ്ചയായി നിര്‍ത്താതെ പെയ്യുന്ന പേമാരിയും വെള്ളപ്പൊക്കവും മധ്യയൂറോപ്പിലാകെ നാശം വിതയ്ക്കുകയാണ്. ബെല്‍ജിയം, ഓസ്ട്രിയ, നെതര്‍ലണ്ട്, പോളണ്ട്, റൊമേനിയ തുടങ്ങിയ രാജ്യങ്ങളിലെല്ലാം വെള്ളപ്പൊക്ക ദുരിതമുണ്ടെങ്കിലും ഫ്രാന്‍സിനെയും ജര്‍മ്മനിയെയുമാണ് അത് ഏറ്റവും ബാധിച്ചത്. പാരിസിലെ സീന്‍ നദിയില്‍ കഴിഞ്ഞ മുപ്പതുവര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന ജലവിതാനമാണ് ഇപ്പോള്‍. പാരിസില്‍ മെട്രോ തീവണ്ടി സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. പലയിടത്തും സ്‌കൂളുകളും പാര്‍ക്കുകളും മറ്റ് സ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്നു.

ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതി മുടങ്ങി. ദുരിത മേഖലകളില്‍ അടിയന്തര സഹായമെത്തിക്കുമെന്ന് പ്രസിഡന്റ് ഫ്രാങ്‌സാ ഓലണ്ട് പറഞ്ഞു. വെള്ളപ്പൊക്ക ദുരിതത്തിപ്പെട്ട് ഫ്രാന്‍സിലും ജര്‍മ്മനിയിലുമായി മാത്രം ഇതുവരെ പതിനഞ്ചിലേറെപ്പേര്‍ മരിച്ചു. ജര്‍മ്മനിയില്‍ വെള്ളപ്പൊക്കം രൂക്ഷമായ പ്രദേശങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

സീന്‍ നദിക്കരയിലെ ലോകപ്രശസ്ത മ്യൂസിയമായ ലൂവ്‌റ് അടച്ചിട്ടിരിക്കുകയാണ്. മ്യൂസിയത്തിലേക്കു വെള്ളം കയറാന്‍ സാധ്യതയുള്ളതുകൊണ്ട് അമൂല്യ വസ്ഥുക്കള്‍ ഭൂഗര്‍ഭ നിലവറകളിലേക്കു നീക്കിത്തുടങ്ങി. ദാവിഞ്ചിയുടെ മാസ്റ്റര്‍ പീസായ മൊണാലിസയടക്കമുള്ള ചിത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത് ലൂവ്‌റിലാണ്. 2,50,000 അമൂല്യ വസ്തുക്കളാണ് ഇവിടെയുള്ളത്.  കനത്ത മഴ അടുത്ത രണ്ടുദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.

click me!