
ദില്ലി: സര്‍ക്കാര്‍ സമയോചിതമായി ഇടപെട്ടിരുന്നെങ്കില്‍ ഗുജറാത്ത് വംശഹത്യകാലത്ത് മൂന്നൂറോളം ജീവനുകള്‍ രക്ഷപ്പെടുത്താമായിരുന്നെന്ന് ഗുജറാത്ത് കലാപം നിയന്ത്രിക്കുന്നതിനുള്ള സൈനിക നടപടികള്‍ക്ക് നേതൃത്വം വഹിച്ച മുന്‍ ലെഫ്റ്റനന്‍റ് ജനറല്‍ സമീര്‍ ഉദ്ദിന്‍ ഷാ. ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന 'ദ സര്‍ക്കാരി മുസല്‍മാന്‍'എന്ന അദ്ദേഹത്തിന്‍റെ പുസ്തകത്തിലാണ് ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഈ വിവരങ്ങള്‍.
അതിക്രമം തടയാന്‍ ഗുജറാത്തിലെത്തിയ സൈന്യം സര്‍ക്കാര്‍ ആവശ്യമായ വാഹന സൗകര്യങ്ങള്‍ ലഭ്യമാക്കാത്തതിനാല്‍ 34 മണിക്കൂര്‍ വൈകിയാണ് കലാപബാധിത പ്രദേശങ്ങളിലെത്തിയത്. മൂവായിരം സൈനികര്‍ക്ക് സംഘര്‍ഷമേഖലകളിലേക്ക് പോവുന്നതിന് വാഹന സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സഹായം നല്‍കിയില്ല. നിര്‍ണ്ണായകമായ ഒന്നര ദിവസമാണ് ഇത് കാരണം നഷ്ടപ്പെട്ടത്. യഥാസമയത്ത് സൈന്യം ഇറങ്ങിയിരുന്നെങ്കില്‍ 300 ജീവനുകളെങ്കിലും രക്ഷപ്പെടുത്താന്‍ കഴിയുമായിരുന്നെന്ന് അദ്ദേഹം പുസ്തകത്തില്‍ പറയുന്നു.
മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെ രണ്ടുമണിക്ക് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയേയും പ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനെയും കണ്ട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ക്രമസമാധനം പാലിക്കാനായി പട്ടാളത്തെ വിവിധ ഇടങ്ങളിലായി നിയോഗിക്കുന്നതിന് ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്നാണ് അപേക്ഷിച്ചത്.
എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് ഉറപ്പുലഭിച്ചതോടെ രാവിലെ ഏഴുമണിക്ക് മൂവായിരത്തോളം പട്ടാളക്കാര്‍ കലാപ സ്ഥലങ്ങളിലേക്ക് പോവുന്നതിന് തയ്യാറായെത്തിയിരുന്നുതായി അദ്ദേഹം പറഞ്ഞു. ഗുജറാത്ത് കലാപത്തില്‍ ആയിരത്തിലേറെ പേരാണ് അക്രമാസക്തരായെത്തിയ സംഘങ്ങളാല്‍ കൊല്ലപ്പെട്ടത്. ഫെബ്രുവരി 27 ന് ഗോധ്രയില്‍ സബര്‍മതി എക്സ്പ്രസിലുണ്ടായ തീപിടുത്തത്തില്‍ 59 കര്‍സേവകര്‍ കൊല്ലപ്പെട്ടതോടെയാണ് കലാപത്തിന് തുടക്കം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam