എന്‍ഡിഎ വിട്ട ഉപേന്ദ്ര കുശ്വാഹ യുപിഎയില്‍; ബിഹാറില്‍ ഇനി വിശാല പ്രതിപക്ഷ സഖ്യം

By Web TeamFirst Published Dec 20, 2018, 4:49 PM IST
Highlights

ഉപേന്ദ്ര കുശ്വാഹയെ സ്വാഗതം ചെയ്ത് കോൺഗ്രസും ആർ ജെ ഡിയും രംഗത്തെത്തി. രാജ്യത്തെ രക്ഷിക്കാനുള്ള ജനങ്ങളുടെ സഖ്യമെന്ന് തേജസ്വി യാദവ് പ്രതികരിച്ചു

ദില്ലി: എൻ ഡി എ വിട്ട മുൻ കേന്ദ്ര മന്ത്രിയും ബീഹാറില്‍നിന്നുള്ള രാഷ്ടീയ ലോക് സമത പാർട്ടി നേതാവുമായ ഉപേന്ദ്ര കുശ്വാഹ യു പി എയില്‍ ചേര്‍ന്നു‍. എന്‍ ഡി എയില്‍നിന്ന് പുറത്തുവന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് അദ്ദേഹം യു പി എയില്‍ ചേര്‍ന്നിരിക്കുന്നത്. ഉപേന്ദ്ര കുശ്വാഹയെ സ്വാഗതം ചെയ്ത് കോൺഗ്രസും ആർ ജെ ഡിയും  രംഗത്തെത്തി. രാജ്യത്തെ രക്ഷിക്കാനുള്ള ജനങ്ങളുടെ സഖ്യമെന്ന് തേജസ്വി യാദവ് പ്രതികരിച്ചു. മഹാ സഖ്യത്തിനുള്ള ചുവട് വയ്പ് ബിഹാറിൽ നിന്ന് തുടങ്ങിയെന്നും തേജസ്വി യാദവ് പറഞ്ഞു. 

ഉപേന്ദ്ര കുശ്വാഹ സഖ്യത്തിനൊപ്പം ചേര്‍ന്നതില്‍ സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ് ലീഡര്‍ അഹമ്മദ് പട്ടേല്‍ പറഞ്ഞു. പക്വതയുള്ള നേതാവായി രാഹുല്‍ ഗാന്ധി വളര്‍ന്നു കഴിഞ്ഞെന്നും അടുത്ത വര്‍ഷം പ്രധാനമന്ത്രിയെന്ന നിലയില്‍ മോദിയ്ക്ക് പകരം വയ്ക്കാന്‍ രാഹുലിനെ തെരഞ്ഞെടുക്കാമെന്നും കുശ്വാഹ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

2019 ലോക് സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വീതം വയ്ക്കലിൽ അതൃപ്തിയുമായാണ് കുശ്വാഹ മുന്നണി വിട്ടത്. നിതീഷ് കുമാറിന്
ബിഹാറിൽ എൻ ഡി എ നൽകുന്ന പ്രാധാന്യം മുന്നണിയിലെ കക്ഷിയായിട്ട് പോലും ആർ എൽ എസ്‍ പിയ്ക്ക് കിട്ടാത്തതിൽ കുശ്വാഹയ്ക്ക് കടുത്ത അമർഷമുണ്ട്. ഈ സാഹചര്യത്തിലാണ് കയ്യിലുള്ള കേന്ദ്രമന്ത്രിസ്ഥാനം വരെ വലിച്ചെറിഞ്ഞ് ഉപേന്ദ്ര കുശ്വാഹ എന്‍ ഡി എയില്‍നിന്ന് പടിയിറങ്ങിയത്.

click me!