
ജിദ്ദ: സൗദിയില്‍ കനത്തമഴ പടിഞ്ഞാറന്‍ പ്രവിശ്യയായ ജിദ്ദയില്‍ ജനജീവിതം സ്തംഭിച്ചു. വാഹനങ്ങളിലും മറ്റും കുടുങ്ങിയ നാനൂറിലധികം പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. മഴ തുടരുമെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. ജിദ്ദയും മക്കയും തായിഫും ഉള്‍പ്പെടെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ഇന്ന് രാവിലെയാണ് ഇടിയോടു കൂടി ശക്തമായ മഴ ആരംഭിച്ചത്. മക്ക-മദീന ഹൈവേ ഉള്‍പ്പെടെ പല പ്രധാന റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടു.
ആറു പ്രധാന തുരങ്കങ്ങള്‍ അടച്ചു. പല വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. പല സ്ഥലത്തും വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മഴയില്‍ കുടുങ്ങിയ 481 പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. ഇതില്‍ നാനൂറ് പേരെ മക്ക പ്രവിശ്യയില്‍ നിന്നും, അമ്പത്തിനാല് പേരെ മദീനയില്‍ നിന്നും പത്തൊമ്പത് പേരെ തബൂക്കില്‍ നിന്നുമാണ് രക്ഷപ്പെടുത്തിയത്.
41വാഹനങ്ങളെയും പത്ത് കുടുംബങ്ങളെയും വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷിച്ചു. കോടിക്കണക്കിനു റിയാലിന്‍റെ നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. പലര്‍ക്കും ഷോക്കേറ്റു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. പല കമ്പനികളും ഇന്ന് അവധി നല്‍കി. വ്യാപാര സ്ഥാപനങ്ങള്‍ പലതും അടഞ്ഞു കിടന്നു. മദിന, തബൂക്, റാബിഗ്, യാമ്പു, അമ്ലാജ്, അല്ലീത്ത് തുടങ്ങിയ ഭാഗങ്ങളിലും മഴ ലഭിച്ചു. ജിദ്ദയില്‍ ചില വിമാന സര്‍വീസുകള്‍ വൈകി.
മഴ കാരണം വിമാനത്താവളത്തില്‍ എത്താന്‍ സാധിക്കാത്ത യാത്രക്കാര്‍ക്ക് യാത്രാ തിയ്യതി മാറ്റുന്നതിനോ, ടിക്കറ്റ് റദ്ദാക്കുന്നതിനോ പിഴ ഈടാക്കില്ലെന്നു സൗദി എയര്‍ലൈന്‍സ് അറിയിച്ചു. മിന്നലേറ്റ് വിമാനത്താവളത്തിലെ കാലാവസ്ഥാ നിരീക്ഷണ കെട്ടിടത്തിനു കേടുപാടുകള്‍ സംഭവിച്ചു. സീപോര്‍ട്ടിന്‍റെ പ്രവര്‍ത്തനം മൂന്നു മണിക്കൂര്‍ നിലച്ചു. മത്സബന്ധനത്തിനോ കടലില്‍ പോകരുതെന്നും കടല്‍ തീരത്ത് നിന്നും, വെള്ളപ്പൊക്ക സാധ്യതാ പ്രദേശങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗം നിര്‍ദേശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam