Latest Videos

അവിഹിതബന്ധം ഒരു ആത്മഹത്യപ്രേരണയല്ലെന്ന് കോടതി

By Web TeamFirst Published Oct 28, 2018, 5:43 PM IST
Highlights

യുവാവിനു മേല്‍ കീഴ്‌ക്കോടതി ചുമത്തിയ 3 വര്‍ഷം തടവും മറ്റു വകുപ്പുകളും എടുത്തു കളഞ്ഞാണ് മേല്‍കോടതിയുടെ നിരീക്ഷണം. സേലം സ്വദേശിയായ മാണിക്യം എന്ന യുവാവാണ് കീഴ്‌ക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കിയത്

ചെന്നൈ: ഭര്‍ത്താവിന് അവിഹിത ബന്ധമുണ്ടെന്നു പറഞ്ഞ് ഭാര്യ ആത്മഹത്യ ചെയ്താല്‍ ഭര്‍ത്താവിനെതിരെ പ്രേരണാകുറ്റം ചുമത്താനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഭര്‍ത്താവിന്‍റെയോ ബന്ധുക്കളുടെയോ ക്രൂരതയില്‍ നിന്ന് ഭാര്യയ്ക്ക് സംരക്ഷണം നല്‍കുന്ന സെക്ഷന്‍ 498 എയുടെ പരിധിയില്‍ അവിഹിതബന്ധം വരില്ലെന്ന് കോടതി ചൂണ്ടികാട്ടി. 

യുവാവിനു മേല്‍ കീഴ്‌ക്കോടതി ചുമത്തിയ 3 വര്‍ഷം തടവും മറ്റു വകുപ്പുകളും എടുത്തു കളഞ്ഞാണ് മേല്‍കോടതിയുടെ നിരീക്ഷണം. സേലം സ്വദേശിയായ മാണിക്യം എന്ന യുവാവാണ് കീഴ്‌ക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കിയത്. അവിഹിത ബന്ധം ആരോപിച്ചാണ് മാണിക്യന്റെ ഭാര്യ ആത്മഹത്യ ചെയ്തത്. ഇതോടെ ഐപിസി 306 പ്രകാരം ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് മാണിക്യനെതിരെ കേസ് വന്നത്. 

എന്നാല്‍ ഇതിനെ സാധൂകരിക്കുന്ന യാതൊരു തെളിവും വാദിഭാഗത്തിന് ഹാജരാക്കാനായില്ല. എല്ലാ സാഹചര്യങ്ങളിലും അവിഹിതബന്ധം ആത്മഹത്യാ പ്രേരണ ആകില്ലെന്നും, എന്നാല്‍ വൈവാഹിക തര്‍ക്കങ്ങളില്‍ അവിഹിതബന്ധം ആത്മഹത്യാ പ്രേരണ ആകാമെന്നും കോടതി വ്യക്തമാക്കി. മാണിക്യത്തിന്റെ കേസില്‍ അത്തരത്തിലുളള തര്‍ക്കങ്ങളോ മറ്റ് തെളിവുകളോ കണ്ടെത്താനായില്ല.

ഭാര്യയോട് ചെയ്യുന്ന ക്രൂരത ആളുകളെ അപേക്ഷിച്ച് വ്യത്യസ്തമായിരിക്കാം. അത് ഭാര്യ അനുവദിക്കുന്ന ക്രൂരതയുടെ തോത് അനുസരിച്ചോ ഭര്‍ത്താവ് ചെയ്യുന്ന ക്രൂരതയുടെ ആഴം അനുസരിച്ചോ ആയിരിക്കാം. എന്നാല്‍ അവിഹിതബന്ധം ആത്മഹത്യാപ്രേരണാ കുറ്റമായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. മാണിക്യത്തിന് അവിഹിതബന്ധം ഉണ്ടെന്ന് ആരോപിച്ച് 2003 ഒകേ്ടാബര്‍ 23നാണ് ഭാര്യ 18 മാസം പ്രായമുളള കുഞ്ഞിനെയും കൊണ്ട് കിണറ്റില്‍ ചാടി മരിച്ചത്.

click me!