ഫേസ്ബുക്ക് തട്ടിപ്പ്: 150ഒളം സ്ത്രീകളെ പറ്റിച്ച യുവാക്കള്‍ പിടിയില്‍

Published : Jun 25, 2017, 10:43 AM ISTUpdated : Oct 04, 2018, 08:04 PM IST
ഫേസ്ബുക്ക് തട്ടിപ്പ്: 150ഒളം സ്ത്രീകളെ പറ്റിച്ച യുവാക്കള്‍ പിടിയില്‍

Synopsis

തൊടുപുഴ: കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെയും ഐ.പി.എസ്‌. ഉദ്യോഗസ്‌ഥന്‍റെയും പേരില്‍ വ്യാജ ഫെയ്‌സ്‌ബുക്‌ പ്രോഫൈലുണ്ടാക്കി മൂവര്‍സംഘം കബളിപ്പിച്ചതു നാട്ടിലും വിദേശത്തുമുള്ള നൂറ്റമ്പതിലേറെ സ്‌ത്രീകളെ. സൗഹൃദത്തിന്റെ മറവില്‍ സ്‌ത്രീകളുടെ നഗ്നചിത്രങ്ങളും തരപ്പെടുത്തി. പത്തനംതിട്ട മലയാലപ്പുഴ ചീങ്കല്‍ത്തടം മൈലപ്ര എബിനേസര്‍ റോമില്‍ പ്രിന്‍സ്‌ ജോണ്‍ (24), മൈലപ്ര മുണ്ടുകോട്ടയ്‌ക്കല്‍ വലിയകാലായില്‍ ജിബിന്‍ ജോര്‍ജ്‌ (26), മണ്ണാറക്കുളഞ്ഞി പാലമൂട്ടില്‍ ലിജോ മോനച്ചന്‍ (26) എന്നിവരെ കട്ടപ്പന സ്വദേശിയുടെ പരാതിയിലാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

ജോബിതോമസ്‌ എന്ന ഐ.പി.എസ്‌. ഉദ്യോഗസ്‌ഥന്റെയും കെ.ബി. ഗണേഷ്‌കുമാറിന്റെയും പേരിലാണ്‌ ഇവര്‍ വ്യാജ പ്രാഫൈല്‍ ഉണ്ടാക്കിയത്‌.  സ്‌ത്രീകള്‍ക്കു സൗഹൃദാഭ്യര്‍ഥന അയയ്‌ക്കുകയാണു തട്ടിപ്പിന്റെ ആദ്യപടി. അതു സ്വീകരിക്കപ്പെട്ടാല്‍ ചാറ്റിങ്ങിലൂടെ അടുപ്പം സ്‌ഥാപിക്കും. ജോബി തോമസിന്റെ പേരിലുള്ള ഫെയ്‌സ്‌ബുക്‌ അക്കൗണ്ടില്‍ ബോഡി ബില്‍ഡറായ പഞ്ചാബ്‌ സ്വദേശി ഇര്‍ഷാദ്‌ അലി സുബൈറിന്റെ ചിത്രമാണു ചേര്‍ത്തിരുന്നത്‌. സംശയം തോന്നാതിരിക്കാന്‍ കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ പേരില്‍ മറ്റൊരു വ്യാജ അക്കൗണ്ട്‌ തയാറാക്കി മ്യൂച്വല്‍ ഫ്രണ്ടാക്കി. 

ജോബിയുടെ സഹോദരിയെന്നു തെറ്റിദ്ധരിപ്പിക്കാന്‍ ഡി.എസ്‌. പ്രിയ എന്ന പേരില്‍ മറ്റൊരു അക്കൗണ്ടും സൃഷ്‌ടിച്ചു. സഹോദരി കോട്ടയം മെഡിക്കല്‍ കോളജില്‍ പഠിക്കുകയാണെന്നാണു പരിചയപ്പെടുത്തിയത്‌. വലയിലാകുന്ന സ്‌ത്രീകളുടെ നമ്പര്‍ കൈക്കലാക്കിയശേഷം വാട്‌സ്‌ആപ്‌ സന്ദേശങ്ങളും അയച്ചുതുടങ്ങും. തുടര്‍ന്ന്‌ പണവും നഗ്നചിത്രങ്ങളുമൊക്കെ വാങ്ങുകയായിരുന്നു. ആന്‍സി ജോയി എന്ന പേരിലടക്കം ഏഴു വ്യാജ പ്രോഫൈലുകള്‍ പ്രിന്‍സ്‌ ജോണ്‍ സൃഷ്‌ടിച്ചിരുന്നു. 

നാലുമാസമായി തട്ടിപ്പു തുടരുകയായിരുന്നു. എം.എല്‍.എയുടെ പേരില്‍ ചാറ്റിങ്‌ നടത്തിയതും പ്രിന്‍സാണ്‌. വിശ്വാസ്യതയ്‌ക്കായി ഇടയ്‌ക്കിടെ "സഹോദരി" പ്രിയയെ പേരില്‍ ഫോണില്‍ സംസാരിപ്പിക്കും.  ഇയാളുമായി അടുപ്പമുള്ള സ്‌ത്രീയേയാണ്‌ ഇതിനായി ഉപയോഗിച്ചത്‌. വിവാഹത്തിനു സമ്മതിക്കാത്തതിനാല്‍ തന്റെ അക്കൗണ്ട്‌ വീട്ടുകാര്‍ ബ്ലോക്ക്‌ ചെയ്‌തിരിക്കുകയാണെന്നും പണം അയച്ചുനല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പ്‌. രണ്ടരലക്ഷത്തിലേറെ രൂപ പ്രതികള്‍ ഇങ്ങനെ തട്ടിയെടുത്തു.

ഡോക്‌ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, വിദേശമലയാളികള്‍ എന്നിവരടക്കം തട്ടിപ്പിനിരയായി. എന്നാല്‍ അപമാനം ഭയന്ന്‌ പലരും ഇക്കാര്യം പുറത്തുപറയാന്‍ തയാറായിട്ടില്ല. പ്രധാനമന്ത്രി കൊച്ചിയില്‍ വന്നപ്പോള്‍ സുരക്ഷാചുമതലയുണ്ടെന്നു വിശ്വസിപ്പിക്കാന്‍ "ഐ.പി.എസ്‌. ഉദ്യോഗസ്‌ഥ"ന്റെ തിരിച്ചറിയല്‍ കാര്‍ഡും സ്‌ത്രീകളെ കാണിച്ചിരുന്നു. മുമ്പും സമാനതട്ടിപ്പിന്‌ അറസ്‌റ്റിലായി എട്ടുമാസം തിരുവനന്തപുരം ജില്ലാജയിലില്‍ തടവിലായിരുന്ന പ്രിന്‍സ്‌ കഴിഞ്ഞ ഡിസംബറിലാണു പുറത്തിറങ്ങിയത്‌. അമ്പലപ്പുഴ, കോയിപ്പുറം എന്നിവിടങ്ങളിലും സംഘം തട്ടിപ്പു നടത്തിയിരുന്നതായി ജില്ലാ പോലീസ്‌ മേധാവി കെ.ബി. വേണുഗോപാല്‍ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല ദേവസ്വം ഭണ്ഡാരത്തില്‍ മോഷണം, താല്ക്കാലിക ജീവനക്കാരൻ അറസ്റ്റിൽ
ശബരിമല സ്വർണക്കൊള്ള: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ക്രിസ്തുമസ് അവധി കഴിഞ്ഞ് പരി​ഗണിക്കുമെന്ന് ഹൈക്കോടതി